gunda

തൃശൂർ: ജില്ലയിൽ വീണ്ടും ഗുണ്ട-ക്രിമിനൽ സംഘങ്ങൾ തലപൊക്കുന്നു. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം മാളത്തിലൊളിച്ചിരുന്ന ക്രിമിനൽ സംഘങ്ങൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ വീണ്ടും വിലസി തുടങ്ങി. കഴിഞ്ഞ ദിവസം മാടക്കത്തറ, തേറമ്പം, വെള്ളാനിക്കര എന്നിവിടങ്ങളിൽ രണ്ട് സംഘങ്ങൾ നടത്തിയ അക്രമങ്ങളിൽ നാലു പേർക്കാണ് വെട്ടേറ്റത്. ഇരുപതോളം വരുന്ന രണ്ട് സംഘങ്ങളാണ് മേഖലയെ ഭയപ്പാടിലാക്കി തിരുവോണ ദിവസവും ഇന്നലെയുമായി ഏറ്റുമുട്ടിയത്. എതാനും ദിവസം മുമ്പാണ് ഏരുമപ്പെട്ടിയിൽ ഗുണ്ടാ കുടിപ്പകയെ തുടർന്ന് യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. ഇതിൽ അറസ്റ്റിലായത് യുവതിയടക്കം രണ്ട് പേരാണ്. വലപ്പാട് ഇന്നലെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് നാടൻ ബോംബുകളും മറ്റും കണ്ടെടുത്തു.

പൊടിപൊടിച്ച് ലഹരി കച്ചവടം
കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ലഹരി വിൽപ്പന സംബന്ധിച്ച തർക്കമാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. 20 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നാലു പേർ കസ്റ്റഡിയിൽ ഉണ്ടെന്ന സൂചനയുണ്ട്. ഒരാഴ്ച്ച മുമ്പ് മേഖലയിൽ നിന്ന് മണ്ണുത്തി പൊലീസ് 3 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ജില്ലയിൽ കഞ്ചാവ് -ലഹരി മരുന്നു കച്ചവടം വീണ്ടും വ്യാപകമായെന്ന് പൊലീസും എക്‌സൈസും പറയുന്നു.

മുന്നറിയിപ്പിന് പുല്ലുവില
ഓണത്തോടനുബന്ധിച്ച് ഗുണ്ട സംഘങ്ങൾ തലപൊക്കുമെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ക്രമിനൽ സംഘങ്ങളെ വിളിച്ച് താക്കീത് ചെയ്തിരുവന്നെങ്കിലും അതിന് പുല്ല് വിലയാണ് ഇവർ കൽപ്പിച്ചിരിക്കുന്നതെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ നൽകുന്നത്.

കർശന നടപടി

ഗുണ്ടാ സംഘങ്ങൾക്ക് അക്രമവുമായി രംഗത്തിറങ്ങിയാൽ കർശന നടപടിയെടുക്കും.

വി.കെ.രാജു,എ.സി.പി തൃശൂർ