തൃശൂർ: കൊവിഡ് വ്യാപനം കൂടുന്നതിനനുസരിച്ച് പ്രതിരോധ പ്രവർത്തനത്തിൽ സജീവമാകേണ്ട ആരോഗ്യ പ്രവർത്തകരിൽ സമ്മർദ്ദമേറുന്നു. രോഗ വ്യാപനം തടയാൻ കൂടുതൽ പ്രദേശങ്ങളിലേക്ക് പോകേണ്ട സാഹചര്യമുള്ളതിനാൽ ആരോഗ്യ പ്രവർത്തകരിലും രോഗികളുടെ എണ്ണം കൂടുകയാണ്. ഇവരിൽ പരിശോധന നടത്തുന്നതിൽ നൂറിൽ അറുപത് പേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതിൽ തന്നെ ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തവരാണ്.
അതിനിടെ ഉറവിടമില്ലാത്ത രോഗികളുടെ എണ്ണവും വർദ്ധിച്ചു. രോഗത്തോടുള്ള ഭയം ആളുകളിൽ കുറഞ്ഞ് വരുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പും നൽകുന്നു. കഴിഞ്ഞ ദിവസം രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശോധന നടത്തിയ എഴുപത് പേരിൽ 55 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലക്ഷണമില്ലാതെ രോഗം സ്ഥിരീകരിക്കുന്നവർ വീടുകളിൽ തന്നെ ഇരിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ നല്ലതെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ച 250 ലേറെ പേർ വീടുകളിലാണ് കഴിയുന്നത്. ഇത് ലക്ഷണമുള്ളവരെ കൃത്യമായി ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകാൻ സൗകര്യമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
മരണ സംഖ്യ ഏറിയേക്കും
രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ മരണ സംഖ്യ ഉയരുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പത്ത് പേരാണ് മരിച്ചത്. തിരുവോണം, രണ്ടോണം ദിവസങ്ങളിൽ മാത്രം അഞ്ച് പേർ മരിച്ചു.
സംസ്‌കാരത്തിന് പ്രോട്ടോകാൾ പാലിക്കണം
നിലവിൽ എത് സാഹചര്യത്തിൽ മരിക്കുന്നവരായാലും കൊവിഡ് പ്രോട്ടോകാൾ പാലിച്ച് സംസ്‌കരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ആരോഗ്യ വകുപ്പ് നൽകുന്നു. അത്തരം ചടങ്ങുകളിൽ നിന്ന് പരമാവധി വിട്ട് നിൽക്കണം. വിവാഹങ്ങളിലും നിയന്ത്രണം പാലിക്കണം.
21 ദിവസം, നൂറോളം ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൊവിഡ് റിപ്പോർട്ട് ചെയ്ത് അഞ്ച് മാസങ്ങൾക്ക് ശേഷം ഒരു ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് ആഗസ്റ്റ് 11 വരെ 74 പേർക്കാണ് രോഗം പിടിപെട്ടതെങ്കിൽ പിന്നീടുള്ള 21 ദിവസം കൊണ്ട് നൂറോളം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 65 ശതമാനത്തിലേറെ പേരും സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നവരായിരുന്നു. ഇപ്പോൾ കൂടുതലും സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം.
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ
ഓഗസ്റ്റ് 11 വരെ 74
12 മുതൽ ഓഗസ്റ്റ് 31 വരെ 99
121 പേർക്ക് കൊവിഡ്
തൃശൂർ: ജില്ലയിൽ 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 118 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. ഇതിൽ 20 പേരുടെ രോഗ ഉറവിടമറിയില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ്ലൈൻ വർക്കർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 59. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവർ
4,720
രോഗമുക്തരായവർ
3,232
വീട്ടുനിരീക്ഷണത്തിൽ
8799 പേര്
ക്ലസ്റ്ററുകളും രോഗബാധയും
സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 6
പരുത്തിപ്പാറ ക്ലസ്റ്റർ 5
എലൈറ്റ് ക്ലസ്റ്റർ 4
ജനത ക്ലസ്റ്റർ 4
ആർ.എം.എസ് ക്ലസ്റ്റർ3
ദയ ക്ലസ്റ്റർ 3
സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2
ചാലക്കുടി ക്ലസ്റ്റർ 2
അഴീക്കോട് ക്ലസ്റ്റർ 2
കല്ലേപ്പാടം ക്ലസ്റ്റർ 2
എ.ആർ. ക്യാമ്പ് 1
അമല ക്ലസ്റ്റർ 1
തസാര ക്ലസ്റ്റർ 1