തൃശൂർ: രാജ്യത്തെ നാലാം ഘട്ട തുറന്നിടലിന്റെ ഭാഗമായി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറെടുക്കുമ്പോൾ ഹൃസ്വദൂരയാത്രക്കാർക്ക് പ്രത്യേക എക്‌സ്പ്രസ് വണ്ടികൾ ഏർപ്പെടുത്തണമെന്ന് ടി.എൻ. പ്രതാപൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ സ്ഥിരം യാത്രക്കാർ കൂടുതലുള്ള എല്ലാ മേഖലകളിലും രാവിലെ ജോലിക്ക് പോകാനും വൈകീട്ട് മടങ്ങാനും സൗകര്യപ്പെടുന്ന വിധം ഓരോ വണ്ടികളെങ്കിലും ആദ്യ ഘട്ടത്തിൽ അനുവദിക്കണമെന്ന് അദ്ദേഹം മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ശാരീരിക അകലം പാലിച്ച് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്നത് ട്രെയിനുകളിലാണ്. ഇത്തരത്തിലുള്ള വണ്ടികൾ ഓടിക്കുന്നത്, ജനങ്ങളുടെ മനസിലെ ഭീതി അകറ്റുന്നതിനും സമ്പദ് വ്യവസ്ഥ ഉണരുന്നതിനും വഴിയൊരുക്കുമെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.