വാടാനപ്പിള്ളി: ഒരു സ്ഥാപനത്തിലെ 13 പേർ ഉൾപ്പെടെ വാടാനപ്പിള്ളിയിലും തളിക്കുളത്തുമായി ഇന്നലെ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനത ക്ലസ്റ്ററിലെ ആശങ്ക ഒഴിഞ്ഞു കൊണ്ടിരിക്കേയാണ് പുതിയ ക്ലസ്റ്റർ. പലവ്യഞ്ജനങ്ങൾ വീടുകളിലെത്തിച്ചു നൽകുന്ന ഫുഡ് മാസോൺ എന്ന സ്ഥാപനത്തിലെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വാടാനപ്പിള്ളിയിലെ ഒരു മത്സ്യ വിൽപ്പനക്കാരന്റെ കുടുംബത്തിലെ നാലു പേർക്ക് ഇന്നലെ രോഗം ബാധിച്ചു. തളിക്കുളം മൂന്നാം വാർഡിലെ ഒരു കുടുംബത്തിലെ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഈ കുടുംബത്തിലെ രണ്ടു പേർ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ വാടാനപ്പിള്ളി കരുണ ടെസ്റ്റിംഗ് സെന്ററിൽ 100 പേരെയാണ് ആന്റിജൻ ടെസ്റ്റിനു വിധേയമാക്കിയത്. ഇന്നും ടെസ്റ്റ് തുടരും.