കൊടുങ്ങല്ലൂർ: ഓൺലൈൻ ഡെലിവറി ബോയായ യുവമോർച്ച പ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി ആരോപിച്ച് യുവമോർച്ച പ്രവർത്തകർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യുവമോർച്ച പ്രവർത്തകനായ പറമ്പിക്കുളങ്ങര ഓട്ടറാട്ട് കൃഷ്ണകുമാറാണ് (21) പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലായത്.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. റിലയൻസ് സൂപ്പർമാർക്കറ്റിലെ ഓൺലൈൻ ഡെലിവറി ബോയ് ആയി പ്രവർത്തിച്ചുവരുന്ന കൃഷ്ണകുമാർ ജോലിയുടെ ഭാഗമായി സഞ്ചരിക്കുന്നതിനിടയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അകാരണമായി മർദ്ദിച്ചതെന്നാണ് ആരോപണം. യോഗം യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയക്കാവ്, മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് , സെക്രട്ടറി എൽ.കെ മനോജ്, വൈസ് പ്രസിഡന്റ് കെ.ആർ വിദ്യാസാഗർ, ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് ജെമി എന്നിവർ പങ്കെടുത്തു. അനുമതി ഇല്ലാതെ പ്രകടനം, കൊവിഡ് പ്രോട്ടോകോൾ ലംഘനം എന്നിവ ആരോപിച്ച് ഷൈൻ നെടിയിരിപ്പിൽ, സർജു തൊയക്കാവ് എന്നിവർ ഉൾപ്പെടെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.