കാഞ്ഞാണി : മണലൂർ വഞ്ചിക്കടവ് കുടിവെള്ള പദ്ധതിയെ പ്രതിസന്ധിയിലാക്കി പാലാഴിയിലെ കാലപ്പഴക്കമേറിയ വാട്ടർടാങ്കിന് ബലക്ഷയമെന്ന് അന്വേഷണ റിപ്പോർട്ട്. വാട്ടർ ടാങ്കിന് സുരക്ഷാഭീഷണിയെന്ന കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ ജോണ നടത്തിയ അന്വേഷണത്തിലാണ് വാട്ടർടാങ്കിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. മേൽനടപടിക്കായി മണലൂർ പഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
കാലപ്പഴക്കമേറിയ വാട്ടർ ടാങ്ക് സുരക്ഷാ ഭീഷണിയിലായതിനാൽ സമീപവാസികളെല്ലാം വീടൊഴിഞ്ഞു. ഇത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തീരദേശ പ്രദേശമായ പാലാഴിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുടിവെള്ള പദ്ധതിക്കായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും കാലാകാലങ്ങളിൽ വാട്ടർ ടാങ്കിന്റെ കേടുപാട് തീർക്കാൻ നടപടിയുണ്ടായില്ല. മാത്രമല്ല എം.പി, എം.എൽ.എ, പഞ്ചായത്ത് അധികൃതർ എന്നിവർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നാൽ ഒരു പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. വളരെ കാലപ്പഴക്കമുള്ള വാട്ടർ ടാങ്ക് ബലപ്പെടുത്തുകയോ പുനർനിർമ്മിക്കുകയോ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.
കോടികളുടെ മണലൂർ വഞ്ചിക്കടവ് കുടിവെള്ള പദ്ധതി ഈ വാട്ടർ ടാങ്ക് വഴി നടപ്പിലാക്കുവാനുള്ള മുൻ തീരുമാനം പുന:പരിശോധിക്കേണ്ടി വരും.
മൂന്ന് വർഷത്തിന് ശേഷം പാലാഴിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന വഞ്ചിക്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചാലും പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. വഞ്ചിക്കടവിൽ നിന്ന് പൈപ്പ് വഴി പാലാഴിയിലെ ടാങ്കിലേക്ക് വെള്ളമെത്തിച്ച് ഇവിടെ നിന്ന് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. വാട്ടർ അതോറിറ്റി അധികൃതരുടെ റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും വഞ്ചിക്കടവ് കുടിവെള്ള പദ്ധതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.
..........
പാലാഴിയിലെ വാട്ടർടാങ്കിന് ബലക്ഷയമുണ്ടെന്നുള്ള വിവരം വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. അടുത്ത ഭരണസമിതി യോഗത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ചർച്ച ചെയ്ത് അതുപ്രകാരം പ്രൊജക്ട് തയ്യാറാക്കി ഫണ്ട് കണ്ടെത്തണം
വിജി ശശി
പ്രസിഡന്റ്
മണലൂർ പഞ്ചായത്ത്