തൃശൂർ : തേക്കിൻക്കാട്ടിൽ മേയാൻ ഇന്ന് പുലികളെത്തില്ല. പുലികളുടെ കാലൊച്ച കേൾക്കാം ഓൺലൈനിൽ. പുലിവാദ്യം ഇല്ലാതെ പുലിത്താളത്തിന് അനുസരിച്ച് ഇന്ന് വൈകീട്ട് 3.30 മുതൽ 4.30 വരെ സ്വന്തം മടകളിൽ(വീടുകളിൽ) ചുവടുകൾ വെയ്ക്കും. ലോകത്തിന് മുഴുവൻ സമൂഹമാദ്ധ്യമങ്ങളിലൂടെ തൃശൂരിന്റെ സ്വന്തം പുലികളെ കാണാം. പുലിക്കളിക്ക് കൊവിഡ് കെണിയൊരുക്കിയപ്പോൾ ആരാധകരുടെയും പുലിക്കളി കലാകാരന്മാരുടെയും വിഷമം അറിഞ്ഞ അയ്യന്തോൾ സംഘമാണ് ഇത്തരമൊരു പുലിക്കളി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇന്നലെ പുലിമുഖം, മുടി, അരമണി, ട്രൗസർ എന്നിവ ഓരോ വീടുകളിലും എത്തിച്ചു.
ആകെ പുലികൾ -16
കുട്ടിപുലി -1
സംഘാടനം
ഒരേസമയം 16 പേർ സൂം ആപ്പ് വഴി ഓൺലൈനിൽ ചുവടു വെയ്ക്കും. ഇതിൽ ഒരു കുട്ടിപുലിയും ഉണ്ടാകും. പുലിത്താളം ലാപ്പ്‌ടോപ്പിൽ പ്ലേ ചെയ്ത് കേൾപ്പിക്കും. സാങ്കേതിക തടസം ഒഴിവാക്കാൻ നാലു റിസർവ്വ് പുലികളും ഉണ്ടാകും. പല ദേശങ്ങൾക്കായി വരയ്ക്കുന്ന 14 പേർ വെർച്വൽ പുലികളെ ഒരുക്കാൻ എത്തും. മൊബൈൽ സ്റ്റാന്റിന് പകരം മരംകൊണ്ടുള്ള സ്റ്റാൻഡിൽ ആണ് മൊബൈൽ ഘടിപ്പിക്കുക.
ഒരുക്കങ്ങൾ പൂർത്തിയായി
കഴിഞ്ഞ കുറെ ദിവസങ്ങളായി ഓൺലൈൻ പുലിക്കളി ഒരുക്കങ്ങൾ നടന്നു വരികയായിരുന്നു. ഇന്നലെ ട്രയൽ നടത്തി. ഓരോ പുലികളെയും ഒരുക്കാൻ മണിക്കൂറുകൾ വേണ്ടി വരും. ഓൺലൈൻ പുലിക്കളിക്കുള്ള പുലികളുടെ വര ഇന്ന് രാവിലെ മുതൽ മടകളിൽ (വീടുകളിൽ) ആരംഭിക്കും.
കാണാം തത്സമയം
തൃശൂരിന്റെ അഭിമാനമായ പുലിക്കളി ഇന്ന് തത്സമയം അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫെയ്‌സ്ബുക്ക് പേജിൽ കാണാം.