anilkumar
അനിൽകുമാറും മക്കളും ചേർന്ന് പുതിയ ഉപകരണത്തിൽ നടീൽ നടത്തുന്നു

മാള: പാടത്തെ പണിക്ക് പണി കിട്ടാതിരിക്കാൻ അനിൽകുമാർ ലോക്ക് ഡൗൺ കാലത്ത് വികസിപ്പിച്ചെടുത്തത് നടീൽ ഉപകരണം. കൊവിഡ്-പ്രളയ ഭീതിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ നാടുവിട്ടപ്പോൾ പാടത്തെ പണികളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ്‌ മനസിലുള്ള ആശയം നടപ്പാക്കിയത്. ചില വിദേശ രാജ്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന മാനുവൽ റൈസ് ട്രാൻസ് പ്ലാന്റിംഗ് സംവിധാനമാണ് മാളയ്ക്കടുത്തുള്ള പൂപ്പത്തി സ്വദേശി ഏരിമ്മൽ അനിൽകുമാർ നിർമ്മിച്ചെടുത്തത്. ബന്ധുവായ സാബുവിന്റെ സഹായത്തോടെ ആക്രി വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഇതിന് ചെലവായത് വെറും പതിനായിരം രൂപ മാത്രമാണ്. പൊതുമേഖലാ സ്ഥാപനമായ കാംകോ മാള യൂണിറ്റിലെ ചീഫ് മെക്കാനിക് കൂടിയായ ഈ 50 കാരൻ സ്വന്തം വയലിൽ നടീലിന് വേണ്ടിയാണ് ഈ സംവിധാനം നിർമ്മിച്ചത്.

ഒരേക്കർ സ്ഥലത്തിന് 5 മണിക്കൂർ

ഫിലിപ്പിയൻസ്,തായ്‌ലന്റ്,ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള കാർഷിക ഉപകരണം ഉപയോഗത്തിലുള്ളത്. വിദേശ രാജ്യങ്ങളിൽ പ്രയോഗിക്കുന്നത് യൂട്യൂബിൽ കണ്ട് നിരീക്ഷണം നടത്തിയാണ് ഇത്തരമൊരു കാർഷിക ഉപകരണം വികസിപ്പിച്ചെടുത്തത്. മാർച്ച് അവസാനം ലോക് ഡൗൺ കാരണം വീട്ടിലിരുന്നപ്പോൾ ഒരു മാസം കൊണ്ടാണ് ഉപകരണം നിർമ്മിച്ചത്. വർക്ക് ഷോപ്പിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ഇരുമ്പ് സാധനങ്ങൾ കൂട്ടിച്ചേർത്താണ് നടീൽ ഉപകരണം തയ്യാറാക്കിയത്. ഒരേക്കർ സ്ഥലത്ത് അഞ്ച് മണിക്കൂർ കൊണ്ട് നടാൻ കഴിയും.ഒറ്റത്തവണയിൽ അഞ്ച്‌ നൊരികൾ ലഭിക്കും. കൈകൊണ്ട് വലിച്ച് നീക്കുമ്പോൾ തന്നെ നിലം നിരപ്പാകും.സാധാരണ പോലെ 18 ദിവസം പ്രായമായ ഞാറാണ് നടാൻ എടുക്കുന്നത്.

'ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്നപ്പോൾ മനസിൽ തോന്നിയ ആശയമാണ് ഈ നടീൽ സംവിധാനം. എല്ലാ പണികളും ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് ചെയ്യേണ്ടി വന്നപ്പോൾ അതിന്റെ പ്രതിസന്ധി തരണം ചെയ്യുകയെന്ന ആഗ്രഹവും ഈ കാർഷിക യന്ത്രത്തിനുള്ള ആശയത്തിലേക്ക് നയിച്ചു. ഞാനും വർക്ക് ഷോപ്പ് തൊഴിലാളിയായ സാബുവും ലോക് ഡൗൺ കാലത്ത് വെറുതെയിരുന്നപ്പോഴാണ് ഈ ആശയങ്ങളത്രയും മനസിൽ തെളിഞ്ഞത്.ഒരാൾക്ക് മാത്രം പ്രവർത്തിപ്പിക്കാം. ഞാറ് എടുത്ത് നിരത്തി വയ്ക്കുന്നതിന് മാത്രമാണ് മറ്റൊരാളുടെ സഹായം വേണ്ടിവരുന്നത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് നടീലിനായി ഞാറ് ഒരുക്കി തന്നത് പുല്ലൂറ്റ് സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക കൂടിയായ ഭാര്യ സ്മിതയും മക്കളായ ഭൗമിക്, ആർദ്ര ജ്യോതി എന്നിവരും ചേർന്നാണ്. ഞങ്ങൾ നാല് പേരും എല്ലാ ദിവസവും കൃഷിപ്പണികളിൽ ഏർപ്പെടും. എനിക്ക് ചെലവായത് പതിനായിരം ആണ്. എല്ലാം വാങ്ങി നിർമ്മിച്ചാൽ പോലും ഇരുപതിനായിരത്തിൽ കൂടില്ല'.

ഇ.ആർ.അനിൽകുമാർ