sukhesh-mohan
സുഖേഷ് മോഹൻ

മാള: കഥ പറയുന്ന പാട്ടുകളുമായി ഓണക്കളിപ്പാട്ടെഴുത്തുകാരൻ സുഖേഷ് മോഹൻ ഇനിയൊരു നല്ലോണത്തിനായി കാത്തിരിയ്ക്കുന്നു. ചിട്ടയായി പുരാണ കഥകൾ പാട്ടിലൂടെ അവതരിപ്പിച്ച് ഓണക്കളി ഓണക്കാലത്തെ പ്രധാന കലാപരിപാടിയായി കണ്ടിരുന്ന സംഘങ്ങൾ മൂന്ന് വർഷമായി അണിയറയിൽ മാത്രമാണ്. ഒരുകാലത്ത് ഓണത്തിന്റെ വരവറിയിച്ച് ചിങ്ങം പിറക്കുന്നതുമുതൽ നാട്ടിൻപുറങ്ങളിൽ കഥ പറയുന്ന നാടൻ പാട്ടുകളുമായി കൈകൊട്ടി താളത്തിനനുസരിച്ച്‌ ചുവട്‌വെയ്ക്കുന്ന ഓണക്കളി പുതുതലമുറയ്ക്ക് ഇന്ന് അന്യമാണ്.

കഥയുള്ള പാട്ടുകളുമായി ഓണക്കളി

ഓണത്തിന് മാസങ്ങൾ മുൻപേ പുതിയ പാട്ടുകളെഴുതി ചിട്ടപ്പെടുത്തി പരിശീലനം നേടിയാണ് ഈ ഓണക്കളി സംഘങ്ങൾ സജീവമായിരുന്നത്. തൃശൂർ ജില്ല കൂടാതെ വടക്കൻ പറവൂർ,ഞാറയ്ക്കൽ തുടങ്ങിയ മേഖലകളിലും ഓണക്കളി ഇന്നും സജീവമാണ്. ഓരോ ഓണക്കളി ടീമിലും 40 മുതൽ 65 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. ഒരേ രീതിയിലുള്ള വേഷം ധരിച്ച് കൈകൾ ഉയർത്തിയും താഴ്ത്തിയും ചരിഞ്ഞും മറഞ്ഞും ചടുലമായി ചുവടുവച്ച് കഥയുള്ള പാട്ടുകളുമായാണ് ഓണക്കളി. പല സ്ഥലങ്ങളിലും നിരവധി ടീമുകൾ ഓണക്കളി മത്സരത്തിൽ ഏർപ്പെടുന്നതും ഓണക്കാലത്തെ സവിശേഷതയാണ്. ഓണക്കളിപ്പാട്ട് നാടൻപാട്ടുകളുമായി സാമ്യമുള്ളതാണ്. തൃശൂർ ജില്ലയിൽ 12 ഓണക്കളി ടീമുകളാണ് വർഷങ്ങളായി ഈ രംഗത്ത് സജീവമായുള്ളത്. ഇതിൽ പല ടീമുകൾക്കും പാട്ടെഴുതി നൽകുന്നത് പൂപ്പത്തി സ്വദേശിയായ തറയിൽ സുഖേഷ് മോഹനാണ്.

കഴിഞ്ഞ ഏഴ് വർഷമായി ഓണക്കളികൾക്കായി 150 ലധികം പാട്ടുകളാണ് സുഖേഷ് എഴുതിയിട്ടുള്ളത്. നാടൻ പാട്ടെഴുത്തിൽ നിന്നാണ് സുഖേഷ് ഓണക്കളി പാട്ടുകാരനായ വിനോദ് നെല്ലായിക്ക് വേണ്ടി എഴുതിത്തുടങ്ങിയത്. ഓണക്കളിപ്പാട്ടിന്റെ സംഗീതം നിർവ്വഹിക്കുന്ന വിനോദ് പാട്ടുകാരൻ കൂടിയാണ്. രാമായണം മന:പാഠമാക്കിയാണ് സുഖേഷ് ഓണക്കളി പാട്ടിന്റെ വരികൾ എഴുതുന്നത്. ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന രമണൻ,ഐഷ തുടങ്ങിയ സാമൂഹ്യ കഥകളും ഓണക്കളിക്ക് വിഷയമായിരുന്നു. കൊട്ടിപ്പാടുന്ന നിരവധി പാട്ടുകളും 42 കാരനായ സുഖേഷ് എഴുതിയിട്ടുണ്ട്. കാളകളിപ്പാട്ടിൽ സുഖേഷ് മോഹൻ എഴുതി വിനോദ് നെല്ലായി സംഗീതവും ആലാപനവും നിർവ്വഹിച്ച 'കൊടുങ്ങല്ലൂർ കാവിലിന്നാട് കണ്ണകിയാട്' എന്ന പാട്ട് യൂട്യൂബിൽ വൈറലാണ്.

2018 ലെ ഓണക്കളിക്ക് മുതൽ എഴുതി വച്ചിരുന്ന നിരവധി പാട്ടുകളാണ് ഓണാഘോഷം നഷ്ടപ്പെട്ടപ്പോൾ ഇനിയൊരു നല്ലോണത്തിനായി കാത്തുവച്ചിട്ടുള്ളത്. മൂന്ന് വർഷമായി ഓണക്കളിക്ക് വേദികളില്ലാത്ത അവസ്ഥയാണ്. ജാതിമത വ്യത്യാസമില്ലാതെ ആളുകൾ ഓണക്കളി ആസ്വദിക്കുന്നുണ്ടെങ്കിലും ഈ രംഗത്തെ കലാകാരന്മാരിൽ ഏറെയും പിന്നാക്ക വിഭാഗങ്ങളാണ്.

സുഖേഷ് മോഹൻ

ഓണക്കളി പാട്ടെഴുത്തുകാരൻ