വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒ.പി വിഭാഗം ആരംഭിച്ചതിന്റെ ഉദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കുന്നു.
ചാലക്കുടി: ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാർ വൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്ന് ബി.ഡി. ദേവസി എം.എൽ.എ. വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച സായാഹ്ന ഒ.പി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പതര ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് ഓരോ വർഷവും അനുവദിച്ചത്. ഇതിനു പുറമെ പി.എച്ച്.സിയെ കുടുംബ ആരോഗ്യ കേന്ദ്രവുമായി ഉയർത്തുകയാണ്. ഇതിന്റെ കെട്ടിടം നിർമ്മാണം ഉടനെ പൂർത്തിയാകും. എല്ലാ അപകട കേസുകളും പരിഗണിക്കുന്ന ട്രോമ കെയർ സംവിധാനം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന് നാലര കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത് ബി.ഡി. ദേവസി കൂട്ടിച്ചേർത്തു. ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്തംഗങ്ങളായ ജയ തമ്പി, പി.എം. പുഷ്പാംഗദൻ, മെഡിക്കൽ ഓഫീസർ പീറ്റർ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.