പാവറട്ടി: കാലപ്പഴക്കം മൂലം തകർന്ന വെങ്കിടങ്ങ് പഞ്ചായത്തിലെ വേട്ടയ്ക്കൊരുമകൻ ചീപ്പ് പുതുക്കി പണിയുന്നു. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ചീപ്പിന്റെ നിർമ്മാണം. സ്ഥിതിഗതികൾ വിലയിരുത്താൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിലെ 14-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ സ്ലാബുകൾ ഒരു വർഷം മുമ്പാണ് കാലപ്പഴക്കം മൂലം തകർന്ന് വീണത്. സ്ലാബ് തകർന്നതോടെ കടമ്പകൾ ഏറെ കടന്നാണ് ഒരു വർഷത്തോളമായി സമീപത്തെ 50ഓളം കുടുംബങ്ങൾ കനാലിനിപ്പുറം കടക്കുന്നത്. തകർന്ന ചീപ്പിന് മുകളിൽ തടിപലകകൾ സ്ഥാപിച്ചാണ് ഇപ്പോൾ കാൽനടയെങ്കിലും സാധ്യമാകുന്നത്. വർഷക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുമ്പോൾ തകർന്ന ചീർപ്പിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. കൃഷി വകുപ്പിന്റെ നിറവ് പദ്ധതിയിൽ നാല് വർഷം മുമ്പ് ചീർപ്പ് പുതിക്കി പണിയുവാൻ തുക അനുവദിച്ചുവെങ്കിലും ടെണ്ടർ കഴിഞ്ഞിട്ടും കരാറുകാരൻ സമ്മതപത്രം വെക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അതിന് ശേഷമാണ് ചീർപ്പും നടപ്പാലവും തകർന്ന് വീണത്. ഇതിന് ശേഷം വേനലിൽ ഉപ്പുവെള്ളം കരയിലേക്ക് കയറാതിരിക്കുന്നതിന് താൽക്കാലിക തടയിണ രണ്ടിടങ്ങളിൽ കെട്ടിയെങ്കിലും ഉറപ്പിലാത്തതിനാൽ വേലിയേറ്റത്തിൽ തകർന്നിരുന്നു. ഇപ്പോൾ വേലിയേറ്റ സമയങ്ങളിൽ ഉപ്പുവെള്ളം കരയിലേക്ക് കയറി കുടിവെള്ള സ്രോതസുകൾ മലിനപ്പെടുകയും കരകൃഷി നശിക്കുകയും ചെയ്യുക പതിവാണ്. കടവിൽ സ്ഥിരം ചീപ്പ് നിർമിക്കുത്തതോടെ ഉപ്പുവെള്ളഭീഷണിക്കും പരിഹാരമാകും. വാഹനഗതാഗതത്തിന് അനുയോജ്യമായ പത്ത് അടി വിതിയിലുള്ള പാലവും നിർമ്മിക്കുന്നുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾ ഉടനെ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.