ചാവക്കാട്: ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് കെ.കെ. സെയ്ദ്മുഹമ്മദിനെതിരെ ഐ ഗ്രൂപ്പ് ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ നാല് പേരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കാൻ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. ഉദയൻ, സെക്രട്ടറി കെ.എം. ഇബ്രാഹിം, ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ.കെ. സെയ്ദ് മുഹമ്മദ് എന്നിവരെയാണ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഡി.സി.സി ഭാരവാഹി എം.വി. ഹൈദർ അലിയുടെ വീട്ടിൽ നടന്ന യോഗത്തിൽ അർബൻ ബാങ്ക് പ്രസിഡന്റ് വി. വേണുഗോപാൽ, സി.എ. ഗോപ പ്രതാപൻ, പി.വി. ബദറുദ്ധീൻ, കെ.വി. സത്താർ, എം.ബി. സുധീർ, നാസർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ല നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോയതെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തുവാൻ വിളിച്ചതായിരുന്നു യോഗം. യോഗത്തിൽ ഗ്രൂപ്പ് നിർദേശത്തിന് എതിരെ നിന്നവരെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ഒറ്റക്കെട്ടായി അവശ്യം ഉയർന്നതിനെ തുടർന്നാണ് നാലു പേരെയും ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതെന്ന് പറയുന്നു. അതേസമയം
ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയ ചിലർ എ ഗ്രൂപ്പിൽ ചേക്കേറാൻ ശ്രമം തുടങ്ങിയതായും എന്നാൽ എ ഗ്രൂപ്പ് നേതാക്കൾ ഇതിൽ ശക്തമായി എതിർപ്പ് നേതൃത്വത്തെ അറിയിച്ചുവെന്നുമാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ സംസാരം.