
തൃശൂർ: പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് എടവിലങ്ങ് , പാണഞ്ചേരി പഞ്ചായത്തുകൾ. പശുക്കളെ വാങ്ങുന്നതിന് പുറമെ മിൽക്കിംഗ് മെഷീൻ, ശാസ്ത്രീയ കന്നുകാലി തൊഴുത്ത് നിർമ്മാണം, ധാതുലവണമിശ്രിതം വാങ്ങൽ, പശുക്കൾക്ക് വെള്ളം അവർ നിൽക്കുന്നിടത്ത് എത്തിക്കുന്ന ആട്ടോമാറ്റിക് ഡ്രിങ്കിംഗ് ബൗൾ വാങ്ങൽ, വിദേശ ഇനം പശുക്കളുടെ കുളമ്പ് തേയ്മാനം ഒഴിവാക്കാനുള്ള റബ്ബർ മാറ്റ് വാങ്ങൽ, ചാണകം കൊണ്ടുപോകാനും മറ്റുമുളള വീൽ ബാരൽ വാങ്ങൽ, ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ, താപനിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതിനുള്ള മിസ്റ്റ് സ്‌പ്രെയർ വാങ്ങൽ എന്നിവയ്‌ക്കെല്ലാം സബ്‌സിഡി ലഭിക്കുന്നതാണ് പദ്ധതി. 2016-17 ലാണ് സംസ്ഥാന സർക്കാർ ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചത്. ഒരു പഞ്ചായത്തിന് ഒരു കോടി രൂപ എന്ന നിലയിൽ അഞ്ച് പഞ്ചായത്തുകൾക്കാണ് ആദ്യം തുക അനുവദിച്ചത്. 2018-19 ൽ 50 ലക്ഷം രൂപ വീതം പത്ത് പഞ്ചായത്തുകൾക്ക് എന്ന നിലയിൽ പദ്ധതി പുന:സ്ഥാപിച്ചു.
ഒരു ക്ഷീരഗ്രാമത്തിന് 50 ലക്ഷം രൂപ ധനസഹായം
ലഭിക്കുന്ന സഹായം
രണ്ട് പശുക്കളുള്ള യൂണിറ്റ്, അഞ്ച് പശുക്കളുള്ള യൂണിറ്റ്, ഒരു കറവ പശുവും ഒരു കിടാരിയും അല്ലെങ്കിൽ മൂന്ന് കറവ പശുക്കളും രണ്ട് കിടാരികളും ചേർന്ന കോമ്പോസിറ്റ് യൂണിറ്റ് എന്നിവ തുടങ്ങാനുള്ള സഹായം ഇതുവഴി കർഷകർക്ക് കിട്ടും. സബ്‌സിഡിയും ഇതിനൊപ്പം ലഭ്യമാകും.
സബ്‌സിഡി
രണ്ട് പശുക്കളുള്ള ഒരു യൂണിറ്റിന് 69,000 രൂപ
അഞ്ചു പശുകൾക്ക് -1,84,000
ഒരു കറവപ്പശുവും പശുക്കിടാവുമടങ്ങുന്ന
കമ്പോസ്റ്റ് ഡയറി യൂണിറ്റിന് -53000 രൂപ
മൂന്ന് കറവപ്പശുവും പശുക്കിടാവുമടങ്ങുന്ന
കമ്പോസ്റ്റ് ഡയറി യൂണിറ്റിന് 1,15,000 രൂപ