തൃശൂർ: കോർപറേഷൻ 2020- 21 പദ്ധതിയിൽ കോർപറേഷനിലെ 55 ഡിവിഷനുകളിലും രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ വീതം സ്ഥാപിക്കാനുള്ള ടെണ്ടർ നടപടികൾക്ക് കൗൺസിൽ അംഗീകാരം. അഴിമതിയാരോപിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്ത് എത്തി. ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയ ബോസ് ലൈറ്റ് എന്ന കമ്പനിക്ക് ടെണ്ടർ അനുവദിച്ച് നൽകുന്നതിന് ഇന്നു ചേർന്ന കൗൺസിൽ തീരുമാനിച്ചു. ഈ കൗൺസിലിന്റെ കാലയളവിൽ ഏറ്റവും കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് രാത്രിയുടെ മറവിൽ നടക്കുന്ന കൊള്ളയ്ക്കും സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അക്രമത്തിനും തടയിടാൻ ഒരുപരിധി വരെ സാധിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
വൻ അഴിമതിയെന്ന് രാജൻ പല്ലൻ
പൊതുമേഖല സ്ഥാപനമായ സിൽക്കിന് കൊടുക്കുവാനുള്ള തീരുമാനം അട്ടിമറിച്ച് 110 ഹൈമാസ്റ്റ് സ്വകാര്യ മേഖലയിൽനിന്ന് വാങ്ങുന്നതിൽ വൻ അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണ 58 ജൂനിയർ ഹൈമാസ്റ്റ് വാങ്ങിയപ്പോൾ ഒരു ഹൈമാസ്റ്റിന് 1,20,000 രൂപ വെച്ച് ഏകദേശം 70 ലക്ഷം രൂപ കമ്മീഷൻ വാങ്ങിയെന്നും, അത് ആരുടെ പോക്കറ്റിലേക്കാണ് പോയതെന്നും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ.പ്രസാദ്, ജോൺ ഡാനിയേൽ, സി.ബി.ഗീത, ഫ്രാൻസിസ് ചാലിശ്ശേരി, ടി.ആർ. സന്തോഷ്, അഡ്വ. സുബി ബാബു, കെ.വി. ബൈജു എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
വിജിലൻസ് അന്വേഷണം വേണം: ബി.ജെ.പി
ജൂനിയർ ഹൈമാസ്റ്റ് വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കൗൺസിൽ യോഗത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടു. ഭരണപക്ഷവും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും ആരോപണ വിധേയരാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും പാർലിമെന്ററി പാർട്ടി നേതാവ് എം.എസ്. സമ്പൂർണയും കൗൺസിലർ കെ. മഹേഷും ആവശ്യപ്പെട്ടു.