മമ്മിയൂർ ജംഗ്ഷൻ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുൻ നഗരസഭാ ചെയർപേഴ്സൺ രംഗത്ത്
ഗുരുവായൂർ: നഗരസഭ ഭരണ സമിതിയിൽ ഭിന്നത മറനീക്കി പുറത്തേക്ക്. മമ്മിയൂർ ജംഗ്ഷൻ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുൻ നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. ശാന്തകുമാരിയാണ് രംഗത്തെത്തിയിട്ടുള്ളത്. മമ്മിയൂർ ഫ്‌ളൈഓവറും ജംഗ്ഷൻ വികസനവും പ്രഖ്യാപനത്തിലൊതുക്കാനുള്ള നീക്കത്തിനെതിരെയാണ് ശാന്തകുമാരി പരസ്യമായി രംഗത്തുവന്നത്. നഗരസഭയുടെ ബഡ്ജറ്റിൽ ആവർത്തിക്കാറുള്ള മമ്മിയൂർ വികസനം നടപ്പിലാക്കാൻ ഭരണ സമിതി ചെറുവിരലനക്കാത്തതാണ് മുൻ ചെയർപേഴ്‌സനെ ചൊടിപ്പിച്ചത്.
കുന്നംകുളം, ഗുരുവായൂർ, പൊന്നാനി, ചാവക്കാട്, എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളുടെ സംഗമസ്ഥാനമാണ് മമ്മിയൂർ. ഇവിടെ ഗതാഗത കുരുക്ക് സ്ഥിരം സംഭവമായതിനെ തുടർന്നാണ് ഫ്‌ളൈഓവർ നിർമാണത്തിനും സെന്റർ വികസനത്തിനും നഗരസഭ ബഡ്ജറ്റിൽ തുക വകയിരുത്തിയത്. എന്നാൽ പ്രഖ്യാപനം പ്രാവർത്തികമാക്കാൻ നടപടിയെടുക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോഴത്തെ ഭരണ സമിതിയുടെ ആദ്യ മൂന്ന് വർഷത്തെ ചെയർപേഴ്‌സൺ കൂടിയായ ശാന്തകുമാരി രംഗത്തെത്തിയത്. ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിക്കും ജില്ലാ ഭരണകൂടത്തിനും മമ്മിയൂർ സെന്ററിന്റെ വികസനം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. മമ്മിയൂരിന്റെ വികസന സാധ്യത ഇല്ലാതാക്കുന്ന വിധത്തിൽ പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകരുതെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിർമാണങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് നിറുത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.