ചേലക്കര: മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്നും രക്ഷപെട്ട കൊവിഡ് രോഗിയെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് ചേലക്കരയിൽ നിന്ന് പിടികൂടി ആശുപത്രിയിലേക്ക് തിരികെ അയച്ചു. ചേലക്കര പഞ്ചായത്ത് രണ്ടാം വാർഡിലാണ് സംഭവം. മുപ്പത് വയസുള്ള യുവാവാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് വെങ്ങാനെല്ലൂരിലെത്തിയത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയുന്നു.
വെങ്ങാനെല്ലൂർ സ്വദേശിയായിരുന്ന യുവാവിന്റെ മാതാപിതാക്കൾ നേരത്തേ മരണപ്പെട്ടിരുന്നു. വർഷങ്ങളായി അന്യസംസ്ഥാനത്തായിരുന്ന യുവാവ് കുറച്ചു ദിവസം മുമ്പാണ് വെങ്ങാനെല്ലൂരിൽ എത്തിയത്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ യുവാവിനെ ക്വാറന്റൈനിലാക്കിയിരുന്നു. പരിശോധനയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ചയും യുവാവ് മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയതായും ഗ്രാമലയിൽ നിന്ന് ആരോഗ്യ പ്രവർത്തകർ പിടികൂടി ആശുപത്രിയിൽ എത്തിച്ചതായും പറയുന്നു. ഇന്നലെ ആശുപത്രിയിൽ നിന്നും വീണ്ടും ചാടിപ്പോയ യുവാവിനെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ വെങ്ങാനെല്ലൂരിൽ വച്ച് കണ്ടെത്തുകയായിരുന്നു. വാർഡ് മെമ്പറുടെയും ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റേയും നേതൃത്വത്തിൽ യുവാവിനെ പിടികൂടി ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി.
ബസിലും ഓട്ടോറിക്ഷയിലുമായാണ് യുവാവ് യാത്ര ചെയ്തതായി പറയുന്നത്. സമ്പർക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. അതേ സമയം ആശുപത്രിയിൽ നിന്നും കൊവിഡ് രോഗി പുറത്തുചാടാൻ ഇടയായത് അധികൃതരുടെ അനാസ്ഥ മൂലമാണന്ന ആരോപണവും ശക്തമാണ്.