porinchu
പൊറിഞ്ചു മാസ്റ്റർ

ചാലക്കുടി: ഒരു അദ്ധ്യാപക ദിനം കൂടി കടന്നുപോകുമ്പോൾ കുറ്റിക്കാട്ടുകാരൻ കെ.ഒ പൊറിഞ്ചു നാട്ടുകാർക്ക് അത്ഭുതമാണ്. 33 വർഷത്തെ അദ്ധ്യാപകവൃത്തി, മൂന്ന് പതിറ്റാണ്ടിന്റെ പൊതുപ്രവർത്തന പാരമ്പര്യം. ഇപ്പോഴും നാട്ടുകാർക്കായി ഊർജ്ജസ്വലതയോടെയുള്ള ഉറച്ച നിലപാട്. ഇതെല്ലാം കൈതാരത്ത് വീട്ടിൽ പൊറിഞ്ചുവെന്ന ഖദർധാരിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിറുത്തുന്നു.

വേളൂക്കര സെന്റ് ജോർജ്ജ് യു.പി സ്‌കൂളിൽ നിന്നും തുടങ്ങിയ അദ്ധ്യാപന ജീവിതത്തിന് വിരാമമായത് സ്വന്തം തട്ടകത്തിൽ വച്ച്. കുറ്റിക്കാട് സെന്റ് ജോസഫ് എൽ.പി സ്‌കൂളിലെ പ്രധാന അദ്ധ്യാപക പദവിയിൽ നിന്നും പടികളിറങ്ങിയപ്പോൾ തെല്ലും നിരാശ തോന്നിയില്ല. ജനകീയ ബന്ധം കൂടുതൽ അരയ്ക്കിട്ട് ഉറപ്പിക്കലായി മാറി റിട്ടയർമെന്റ്. ഇതിനിടെ 20 വർഷം പരിയാരം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു. നിരവധി റോഡുകളുടെയും വൈദ്യുതീകരണ കുടിവെള്ള പദ്ധതികളുടെയും ചാലകശക്തിയായി ഇദ്ദേഹം യഥാർത്ഥ ജനപ്രതിനിധിയായി.
പനമ്പള്ളി ഗോവിന്ദ മേനോനുമായുള്ള മാസ്റ്ററുടെ ബന്ധമായിരുന്നു ചാലക്കുടിപ്പുഴയിലെ ഇടത് വലത് കര ജലസേചന പദ്ധതിയുടെ പിറവിയെന്ന് വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. ഇതുമായി ബന്ധപ്പെട്ട കനാൽ കമ്മിറ്റിയിൽ ഇപ്പോഴും ഈ എൺപത്തിയേഴുകാരനുണ്ട്. പ്രായത്തിന്റെ അവശത അലട്ടുമെങ്കിലും ജീവിത ശൈലി രോഗങ്ങളെ പടിക്ക് പുറത്തു നിറുത്തുന്ന കൈതാരത്ത് പൊറിഞ്ചു മാസ്റ്ററുടെ ബസ് യാത്രയും ഇപ്പോഴും തനിച്ചു തന്നെ. ഭാര്യ ബ്രീജിത്തയുടെ വേർപാടും ശാസ്ത്രജ്ഞനായിരുന്ന ഒരു മകൻ വിമാനാപകടത്തിൽ മരിച്ചതും ഇദ്ദേഹത്തിന്റെ തീരാദുഖമാണ്. ഇന്നും പരിയാരത്തെ നിരത്തുകളിൽ വെള്ള വസ്ത്രവും കക്ഷത്തിൽ തിരുകിയ ചെറുബാഗുമായി മാസ്റ്ററെ കാണാം.

ചെറുപ്പക്കാർക്ക് പോലും അപേക്ഷകളും നിവേദനങ്ങളും എഴുതി തയ്യാറാക്കാൻ കെ.ഒ പൊറിഞ്ചു ഇന്നും മടിക്കാറില്ല. അദ്ധ്യാപക വൃത്തിയും പൊതുപ്രവർത്തനവുമെല്ലാം നാട്ടുകാർക്കായാണെന്ന ഗാന്ധിയൻ തത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ചാലക്കുടിയുടെ ഈ സ്വന്തം അദ്ധ്യാപകൻ.