ചാലക്കുടി: ആനക്കയം ആദിവാസി കോളനിയിലെ 19 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പാക്കേജ് നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബി.ഡി ദേവസി എം.എൽ.എ വ്യക്തമാക്കി. കോളനിയിലെ പാർപ്പിട പ്രശ്‌നം പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത അന്തേവാസി പ്രതിനിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
ജില്ലാ കളക്ടർ എസ്. ഷാനവാസും ചേർന്നാണ് യോഗം വിളിച്ചു കൂട്ടിയത്. ഇവർക്ക് കൈമാറുന്ന ഭൂമി വനംവകുപ്പ് കണ്ടെത്തി,. ഇതിന് കേന്ദ്ര സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കളക്ടർ പറഞ്ഞു. അതുവരെയും വനം വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കാമെന്ന് ഊരുമൂപ്പൻ രാമൻ ഉറപ്പുനൽകി. 2018 ലെ ഉരുൾപ്പൊട്ടലിലാണ് കോളനിയിൽ താമസിക്കാൻ കഴിയാതായത്. തുടർന്ന് ഇവർ പാറപ്പുറത്ത് അന്തിയുറങ്ങുന്ന സംഭവം വലിയ വാർത്തയായിരുന്നു. അതിരപ്പിള്ളി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്തംഗം സി.ജി സിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി വിനോദ്, ടി.ഡി.ഒ ഇ.ജി സന്തോഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.