തൃപ്രയാർ: തളിക്കുളത്തെ കൊവിഡ് ബാധിതരായ രണ്ടു പേർ സന്ദർശനം നടത്തുകയും ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് തൃപ്രയാർ മാളിലെ 13 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. വലപ്പാട് പതിനേഴാം വാർഡ് സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മാൾ ജീവനക്കാരി. കടുത്ത പനിയെ തുടർന്ന് ഓഗസ്റ്റ് 28 മുതൽ യുവതി അവധിയിലായിരുന്നുവെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള ഒമ്പത് പേരെയും നേരത്തെ തളിക്കുളം സ്വദേശികൾ സമ്പർക്കം പുലർത്തിയ നാലു പേരെയുമാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.

ആഗസ്റ്റ് 27നാണ് തളിക്കുളത്തെ രോഗ ബാധിതർ മാൾ സന്ദർശിച്ചത്. അതേസമയം മാളിലെ ജീവനക്കാരി ഉപഭോക്താക്കളുമായി ബന്ധമില്ലാത്ത വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

ഇന്നലെ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഉൾപ്പെടെ വലപ്പാട് പഞ്ചായത്തിൽ നാലു പേർക്ക് ഇന്നലെ കൊവിഡ് പൊസിറ്റീവായി. അറുപത് പേരെ ടെസ്റ്റ് ചെയ്തതിൽ നിന്ന് നാലു പേർക്ക് രോഗം കണ്ടെത്തി. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച മറ്റ് മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുണ്ട്.