തൃശൂർ: ദിവാൻജിമൂല – പൂത്തോൾ റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ശക്തൻ സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ, കുന്നംകുളം, ഒളരി, കാഞ്ഞാണി, അയ്യന്തോൾ തുടങ്ങി പടിഞ്ഞാറൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും ദിവാൻജിമൂല, ചെട്ടിയങ്ങാടി, കുറുപ്പം റോഡ് വഴി റൗണ്ടിൽ പ്രവേശിച്ച് എം.ജി റോഡ്, ശങ്കരയ്യർ ജംഗ്ഷൻ വഴി സർവീസ് നടത്തണം.
പടിഞ്ഞാറെക്കോട്ട ഭാഗത്ത് നിന്നും പൂത്തോൾ വഴി ദിവാൻജി മൂല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ശങ്കരയ്യർ റോഡ് ജംഗ്ഷനിൽ നിന്നും എം.ജി റോഡിലൂടെ റൗണ്ടിൽ പ്രവേശിക്കണം. തെക്കേ മഠം റോഡിൽ നിന്നും എം.ജി റോഡിലേക്ക് വരുന്ന വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് റൗണ്ടിലേക്ക് കടക്കണം. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും വരുന്ന ബസുകൾ ബാല്യ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെപ്പോകണം. വഞ്ചിക്കുളം ഭാഗത്ത് നിന്നും പൂത്തോളിലേക്ക് വരുന്ന വാഹനങ്ങൾ കാൽവരി റോഡ് വഴി പടിഞ്ഞാറെ കോട്ടയിലെത്തി പോകേണ്ടതാണ്. പൂങ്കുന്നം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ പാട്ടുരായ്ക്കൽ, അശ്വിനി ജംഗ്ഷൻ വഴി സ്വരാജ് റൗണ്ടിൽ കയറി സർവീസ് നടത്തണമെന്നും പൊലീസ് അറിയിച്ചു.
സി.പി.എമ്മിന്റെ ആർത്തിയിൽ നഷ്ടപ്പെട്ടത്
യു.എ.ഇ റെഡ് ക്രസന്റിന്റെ വൻ പദ്ധതികൾ: എം.എൽ.എ
തൃശൂർ: പണത്തോടുള്ള സി.പി.എമ്മിന്റെ ആർത്തി മൂലം സംസ്ഥാനത്തിന് നഷ്ടപെട്ടത് യു.എ.ഇ റെഡ് ക്രസന്റിന്റെ വലിയ പദ്ധതികളായിരുന്നുവെന്നും ആദ്യ ഗഡുവിൽ അഴിമതി നടന്നെന്ന് മനസിലാക്കിയതിനെ തുടർന്നാണ് മറ്റ് പദ്ധതികളിൽ നിന്നും യു.എ.ഇ സർക്കാർ പിന്മാറിയതെന്നും അനിൽ അക്കര എം.എൽ.എ പറഞ്ഞു.
ഈ ക്രമക്കേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് തന്റെ മേൽ കുതിര കയറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ക്രസന്റ് യു.എ.ഇയിൽ നിന്ന് പിരിച്ചെടുത്ത ആദ്യ ഗഡുവാണ് കൈമാറിയതെന്ന് യു.എ.ഇ ഭരണാധികാരികൾ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പദ്ധതിയിൽ തട്ടിപ്പ് നടന്നതിനെ തുടർന്ന് യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സ്വപ്ന ഉൾപ്പെടെയുള്ളവരെ പുറത്താക്കിയിരുന്നു.
ഈ വിവരം മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനും, മന്ത്രി എ.സി മൊയ്തീനും അറിവുള്ളതായിരുന്നു. ഇത് പുറത്തറിയാതിരിക്കാനാണ് തന്നെയും സ്ഥലം കൗൺസിലറേയും മാറ്റിനിറുത്തി പദ്ധതി അതിവേഗത്തിൽ മുന്നോട്ട് കൊണ്ടു പോയത്. ഗവർണർ, ആഭ്യന്തരവകുപ്പ് സെക്രട്ടറി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, വിജിലൻസ് ഡയറക്ടർ, എൻഫോഴ്സ്മെന്റ് ഡയറക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.