തൃശൂർ: കണക്കിൽ രണ്ടായിരത്തിലാണ് പ്രൊഫ. ടി.എസ് ബാലസുബ്രഹ്മണ്യൻ വിരമിച്ചതെങ്കിലും ഇപ്പോഴും തുടരുന്ന അദ്ധ്യാപനജീവിതത്തിന് പ്രായം 52 വർഷം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് 32 വർഷത്തെ അദ്ധ്യാപനത്തിന് ശേഷം റിട്ടയർ ചെയ്തെങ്കിലും ഗണിതശാസ്ത്രത്തോടുള്ള രസം വിട്ടില്ല.
ആ ഊർജ്ജസ്വലത കണ്ട് നമിച്ചുപോയ ശിഷ്യരും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ഡോക്യുമെൻ്ററിയും പുറത്തിറക്കി, ഇന്നലെ അദ്ധ്യാപകദിനത്തിൽ തന്നെ. കുട്ടികളുടേത് തെറ്റായ ഉത്തരമായാൽ പോലും അതിൽ നിന്ന് ശരിയിലേക്കെത്തിക്കുന്ന അദ്ധ്യാപനരീതിയാണ് പ്രൊഫ. ടി.എസ്.ബിയുടേത്. പാരഡിഗാനങ്ങളും രാഷ്ട്രീയ, സാമൂഹിക ഹാസ്യപശ്ചാത്തലവുമെല്ലാം ഗണിതത്തെ രസകരമാക്കി മാറ്റുന്നതിന് ഉപയോഗിക്കും.
ചെറുപ്പത്തിൽ കണ്ടിരുന്ന ചാക്യാർക്കൂത്താണ് ഇങ്ങനെയുളള ഗണിതാദ്ധ്യാപനത്തിന് മുതൽക്കൂട്ടായെന്ന് പറയുന്നു. കൊവിഡ് കാലത്തും മുറിയിലിരുന്ന് ദിവസവും ഓരോ ക്ലാസിലേക്കുമുള്ള ഗണിത പ്രശ്നങ്ങൾ ചെയ്ത് വിവരിച്ച് കുട്ടികളിലേക്കെത്തിക്കുന്നുണ്ട്. 75-ാം വയസിലും അതിനൂതന സാങ്കേതിക വിദ്യകൾ പഠിക്കാനും പഠിപ്പിക്കാനും തയ്യാറായി.
വിരമിച്ച ശേഷം തൃശൂർ ശക്തൻ തമ്പുരാൻ കോളേജ് ഒഫ് മാത്തമാറ്റിക്സിലാണ് അദ്ധ്യാപനം തുടർന്നത്. സ്കൂൾ - കോളേജ് അദ്ധ്യാപകർ, ബാങ്ക് ജീവനക്കാർ, ഗവ. ഉദ്യോഗസ്ഥർ തുടങ്ങി രാഷ്ട്രീയ നേതാക്കൾ വരെ ശിഷ്യഗണത്തിലുണ്ട്. കർമ്മനിരതനായിരിക്കാൻ തന്നെ സഹായിക്കുന്നത് ചെറുപ്പക്കാരായ വിദ്യാർത്ഥികളാണെന്ന് അദ്ദേഹം കരുതുന്നു. തമിഴ്നാട്ടിലെ ഉമയാൾപുരം സ്വാമിമലൈയിൽ നിന്നെത്തി പൂങ്കുന്നത്ത് താമസമായ ടി.ബി സീതാറാം അയ്യരുടെയും സീതാലക്ഷ്മി അമ്മാളുടെയും മൂന്നാമത്തെ മകനായ ബാലസുബ്രഹ്മണ്യൻ ചെറുപ്പത്തിൽത്തന്നെ ഗണിത ശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം കാട്ടിയിരുന്നു.
കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ ഡിഗ്രിയെടുത്ത് സെന്റ് തോമസ് കോളേജിൽ എം.എസ്.സിക്ക് ചേർന്നു പഠിച്ചു. 1968ൽ എം.എസ്.സി ഫലം വരുന്നതിന് മുമ്പുതന്നെ ശ്രീകൃഷ്ണയിൽ ലക്ചററായി. ഭാര്യ: സാവിത്രി. മകൻ ശ്രീധർ ബാലസുബ്രഹ്മണ്യൻ (സീതാരാമൻ) അമേരിക്കയിൽ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയിൽ ഐ.ടി വിഭാഗത്തിലാണ്. പ്രദീപ് നാരായണൻ സംവിധാനം ചെയ്ത് ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ടിൻ്റെ രചനയിൽ ശ്രീകൃഷ്ണ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം പൂർവവിദ്യാർത്ഥികൾ നിർമ്മിച്ച ഡോക്യുമെൻ്ററി, ശിഷ്യനും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ്റെ ഫേസ്ബുക്ക് പേജിലാണ് പുറത്തിറക്കിയത്. അഡ്വ. വി.ടി. ബലറാം എം.എൽ.എ, വടക്കുന്നാഥക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി അടക്കമുളള ശിഷ്യർ പ്രൊഫ. ടി.എസ്.ബിയുമായുളള ഓർമ്മകൾ പങ്കിടുന്നു. ഡോ. എ.പി.ജെ അബ്ദുൾ കലാമിൻ്റെ സെക്രട്ടറിയായിരുന്ന ആർ.കെ പ്രസാദും ഓൺലൈൻ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.