ambedkara-gramam
എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല ഐ.എച്ച്.ഡി.പി കോളനി നവീകണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല ഐ.എച്ച്.ഡി.പി കോളനി നവീകരിക്കുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.

50 ലക്ഷം രൂപയുടെ നവീകരണ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കോളനി നവീകരണത്തിന്റെ നിർമ്മാണ ചുമതല ജില്ലാ പട്ടിക ജാതി വികസന വകുപ്പ് നിർമിതി കേന്ദ്രത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഏകദേശം 256 മീറ്റർ നീളത്തിൽ ഇന്റർ ലോക്ക് നടപ്പാത, റോഡിന്റെ ഇരു വശങ്ങളിലും സൈഡ് പ്രൊഡക്‌ഷൻ വർക്കുകൾ, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, അങ്കണവാടി ട്രസ് വർക്ക്, സാംസ്‌കാരിക നിലയത്തിലേക്കുള്ള ഫർണിച്ചറുകൾ, കോളനിയിലെ എസ്‌.സി വിഭാഗത്തിൽപെട്ട 44 വീടുകളിലേക്ക് ആവശ്യമായ 500 ലിറ്റർ വാട്ടർ ടാങ്കുകളും അവയ്ക്കാവശ്യമായ ഇരുമ്പ് സ്റ്റാൻഡും സ്ഥാപിക്കൽ, ആർ.സി.സി പിറ്റ് നൽകൽ എന്നിവയാണ് നവീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആറ് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ് കരാർ. കൂടാതെ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സംയുക്തമായി 10.5 ലക്ഷം രൂപ ചെലവഴിച്ച് കോളനിയിലേക്ക് റോഡ് ടൈൽ വിരിക്കുന്ന പദ്ധതി നിർമ്മിതികേന്ദ്രം മുഖേന നടപ്പിലാക്കും. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീന വിശ്വൻ, ലൈല മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, വികസനകാര്യ ചെയർപേഴ്‌സൺ ഗീതാ മോഹൻദാസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഡ്വ. വി.കെ ജ്യോതി പ്രകാശ്, ബ്ലോക്ക് എസ്.സി.ഡി.ഒ പി. ഗിരീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ എന്നിവർ പങ്കെടുത്തു.