muraleedharan

തൃശൂർ: കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ ലംഘനമാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സംഭവിച്ചതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഇതിന്റെ തുടർ നടപടി എന്തായിരിക്കണമെന്നത് വിദേശകാര്യ വകുപ്പ് വിശദമായി അന്വേഷിച്ചുവരികയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറിന്റെ ഉപവാസ സമരം ഓൺ ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്ന് എന്ത് സഹായം സ്വീകരിക്കാനും കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം. അതിന്റെ ആവശ്യമില്ലെന്ന് ആരാണ് മുഖ്യമന്ത്രിക്ക് ഉപദേശം കൊടുത്തത്. എംബസിയിൽ നിന്ന് ഒരു പൊതി കിട്ടിയപ്പോൾ അത് തുറന്ന് നോക്കാതെ വിതരണം ചെയ്തുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പറയുന്നത്. സി.പി.എം പാർട്ടി സെക്രട്ടറി പറയുന്നത് മകനെ രക്ഷിക്കാൻ മുന്നോട്ട് വരില്ലെന്നാണ്. അത് മറ്റ് പലരും ചെയ്ത് കൊള്ളുമെന്നായിരിക്കും വിചാരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ശാസ്ത്രീയമായും നിഷ്പക്ഷമായും നടക്കുകയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. കെ.കെ അനീഷ് കുമാർ, എ. നാഗേഷ്, അഡ്വ. ഉല്ലാസ് ബാബു, എം.എസ് സമ്പൂർണ, അഡ്വ. രവികുമാർ ഉപ്പത്ത് തുടങ്ങിയവർ പങ്കെടുത്തു