തൃശൂർ: ഇളവുകൾ ലഭിച്ചിട്ടും നിരത്തിലിറങ്ങാൻ മടിച്ച് ജില്ലയിലെ സ്വകാര്യ ബസുകൾ. കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപനം മുതൽ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ഇനിയും കരകയറിയിട്ടില്ല. ജില്ലയിലെ സ്വകാര്യ ബസുകളിൽ നാൽപ്പത് ശതമാനം മാത്രമാണ് ഇപ്പോഴും സർവ്വീസ് നടത്തുന്നത്. ഭൂരിഭാഗം ബസുകളും ജിഫോം നൽകി കഴിഞ്ഞു. നിരത്തിലിറങ്ങാതെ കിടക്കുന്ന സ്വകാര്യ ബസുകൾ തുരുമ്പെടുക്കുന്നു. നികുതിയടക്കൽ ഉൾപ്പടെ പലതും നീട്ടി നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ കുറവ് മൂലം മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഉടമകൾ പറയുന്നു. ബാറ്ററി, റേഡിയേറ്റർ, ടയർ, ജോയിന്റുകൾ, എഞ്ചിൻ എന്നിവ നശിക്കുമെന്നാണ് ആശങ്ക.
പൊതു ഗതാഗതം ഉപേക്ഷിച്ച് യാത്രക്കാർ
സമൂഹിക അകലം പാലിച്ച് സർവീസ് നടത്തണമെന്ന കർശന നിയന്ത്രണവും സുരക്ഷ മുൻനിർത്തി യാത്രക്കാർ പരമാവധി ബസ് യാത്ര ഉപേക്ഷിക്കുന്നതും വലിയ തിരിച്ചടിയാണെന്ന് ബസുടമകൾ പറയുന്നു. രാവിലെയും വൈകിട്ടും മാത്രമാണ് അൽപ്പമെങ്കിലും യാത്രക്കാർ ബസുകളിൽ കയറുന്നത്. ഈവിധം സർവീസ് നടത്തുമ്പോൾ ഇതിൽ പകുതിയിലേറെ തുക ഡീസലിന് മാത്രം ചെലവഴിക്കേണ്ടി വരും. മറ്റ് അനുബന്ധ ചെലവുകളും തൊഴിലാളികളുടെ ശമ്പളവും ചേർത്താൽ കളക്ഷനേക്കാൾ കൂടുതൽ ചെലവ് വരുമെന്നാണ് ഉടമകളുടെ പക്ഷം.
വർഷാരംഭം മുതൽ ആളില്ല
സംസ്ഥാനത്ത് താലനില ഉയർന്നത് മുതൽ ബസുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞു. ചൂടിൽ നിന്ന് രക്ഷനേടാൻ രാവിലെ 11 മുതൽ ഉച്ചയ്ക്കുശേഷം മൂന്നു മണിവരെ യാത്ര ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം പാലിച്ചതോടെ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു.
ജില്ലയിലെ ബസുകൾ
ആകെ സ്വകാര്യ ബസുകൾ -1500
ഉടമകൾ - 1100
തൊഴിലാളികൾ -5000
സർവ്വീസ് നടത്തുന്നത് -40 ശതമാനം