ചാലക്കുടി: റെയിൽവെ സ്‌റ്റേഷൻ റോഡിൽ നിർമ്മാണം പൂർത്തിയാകുന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്ക് വെള്ളം, വൈദ്യുതി എന്നിവയ്ക്ക് കണക്ഷൻ എടുക്കുന്നതിന് ചാലക്കുടി നഗസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ഭൂമിയുടെ കരം ലഭിച്ചതിന് ശേഷം വൈദ്യുതിക്കും വെള്ളത്തിനും അപേക്ഷിച്ചാൽ മതിയെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യോഗം നിരാകരിച്ചു. അനാവശ്യ കാലതാമസമുണ്ടാക്കി പദ്ധതി വൈകിപ്പിക്കാനുള്ള ശ്രമമാണിതെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, വി.ജെ. ജോജി എന്നിവർ ചൂണ്ടിക്കാട്ടി. നോർത്ത് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിനും യോഗം തീരുമാനിച്ചു. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, പി.എം. ശ്രീധരൻ, ഷിബു വാലപ്പൻ, ബിജു ചിറയത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.