road
ചാലക്കുടി പള്ളിക്കനാൽ റോഡിൽ നവീകരണം നടക്കുന്നു

ചാലക്കുടി: നഗരസഭയിലെ സെന്റ് മേരീസ് ചർച്ച് വാർഡിലെ കനാൽ റോഡ് നവീകരണം ഏതാനും ദിവസത്തിനകം പൂർത്തീകരിക്കും. 5 മീറ്റർ വീതിയിൽ ടൈൽ വിരിച്ചാണ് നവീകരണം. നഗരസഭയുടെ പദ്ധതി തുകയിൽ നിന്നും 14 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

ഇവിടെ കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന 10 കുടുംബങ്ങളെ പുനരധിവസിപ്പിച്ചാണ് റോഡ് വിപുലീകരിക്കുന്നത്. ഓരോ കുടുംബത്തിനും പി.എം.എ.വൈ പദ്ധതിയിലൂടെ നാല് ലക്ഷം രൂപ നഗരസഭ നൽകി. തികയാത്ത തുകയായി ലയൺസ് ക്ലബ്ബും രണ്ടര ലക്ഷം രൂപാ വീതം നൽകി. വീടിനൊരു കൈത്താങ്ങ് പദ്ധതി പ്രകാരം ഇവർക്ക് പോട്ടതച്ചുടപറമ്പിലും മറ്റുമായി ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി ഓരോ കുടുംബത്തിനും മൂന്നു സെന്റ് വീതം സ്ഥലവും നൽകി. വാർഡ് കൗൺസിലർ സീമ ജോജോ മുൻകൈയ്യെടുത്താണ് വീടുകളുടെ പുനരധിവാസവും റോഡ് നവീകരണവും നടന്നത്. റോഡ് നവീകരണം നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ജോസ് പാലാട്ടി അനുഗ്രഹ പ്രഭാഷണം നടത്തി.