ayush

തൃശൂർ: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടി ശക്തമാക്കാൻ ആയുർവേദ, ഹോമിയോ ഡോക്ട‍ർമാരെ കൂടുതലായി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ നിയോഗിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള അലോപ്പതി ഡോക്ടർമാരെ കൂടുതലായി വിന്യസിക്കുന്നത് മെഡിക്കൽ കോളേജിലെ പ്രവർത്തനങ്ങളിൽ പാകപ്പിഴയുണ്ടാക്കുമെന്ന് കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു.

രണ്ടാഴ്ച മുമ്പ് ആയുർവേദ ഡോക്ടർമാരെ നിയോഗിക്കാൻ തുടങ്ങിയിരുന്നു. ഇനി പുതുതായി തുടങ്ങുന്ന കേന്ദ്രങ്ങളിലേക്കാകും ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലുമുള്ള ഡോക്ടർമാരെ ചുമതലപ്പെടുത്തുക. ഇവർ അലോപ്പതി മരുന്ന് നൽകില്ലെങ്കിലും റൗണ്ട്സിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനും പ്രയോജനപ്പെടുത്തും.

കൂടുതൽ കേന്ദ്രങ്ങളിൽ വിന്യസിക്കാൻ നിലവിൽ ആരോ​ഗ്യപ്രവ‍ർത്തകർ ഇല്ല. ഈ സാഹചര്യത്തിൽ അവസാനവർഷ മെഡിക്കൽ വിദ്യാ‍ത്ഥികളെയും വിന്യസിച്ചേക്കും. ആയുർവേദ നഴ്സുമാർ, ലാബ് ടെക്നീഷ്യൻസ്, ഫാ‍ർമസിസ്റ്റുകൾ, മെഡിക്കൽ കോഴ്സുകൾ ചെയ്യുന്ന അവസാന വ‍ർഷ വിദ്യാർത്ഥികളും കൊവിഡ് കെയ‍ർ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കായെത്തും. അതേസമയം, തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾ കൊവിഡിനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാക്കി രോഗികളെ പാർപ്പിക്കുന്നുണ്ടെങ്കിലും ആയുർവേദ മരുന്ന് നൽകാൻ അനുവദിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.

ലക്ഷണങ്ങളും മറ്റ് ഗുരുതരരോഗങ്ങളില്ലാത്തതുമായ കൊവിഡ് ബാധിതരിൽ താത്പര്യമുള്ളവർക്ക് ആയുർവേദ മരുന്ന് നൽകാൻ അനുമതി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല. ഡൽഹിയിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ പോലും ചികിത്സിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. കൂടാതെ കൊവിഡ് പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആയുഷ് വകുപ്പിന്റെ മരുന്ന് ഉൾപ്പെടെയുള്ള പ്രത്യേക മാർഗനിർദ്ദേശവുമുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയുർവേദം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നുമാണ് ആയുർവേദ മേഖലയിലെ വിദഗ്ദ്ധരുടെ അവകാശവാദം. കൂടുതൽ ആയുർവേദ ഡോക്ടർമാരെ താത്കാലിക അടിസ്ഥാനത്തിലെങ്കിലും നിയമിക്കണമെന്നും ആവശ്യമുയർന്നിരുന്നു.

"

സി.എഫ്.എൽ.ടി.സികളിൽ ആയുഷ് ഡോക്ടർമാരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഗവ. ആയുർവേദ ഡിസ്പെൻസറികളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ഇതരമേഖലയിലുള്ള ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെയും സി.എഫ്.എൽ.ടി.സികളിൽ നിയോഗിക്കുന്നത് നന്നായിരിക്കും.

ഡോ. സലജകുമാരി, ഡി.എം.ഒ, ഭാരതീയ ചികിത്സാവകുപ്പ്

"

ഗുരുതരമായ രോഗാവസ്ഥയിലേക്ക് തള്ളിവിടാതെ രക്ഷിക്കാൻ ആയുർവേദ മരുന്ന് നൽകണമെന്ന് ജില്ലാ കളക്ടറുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സന്നദ്ധപ്രവർത്തകരായി 52 സ്വകാര്യ ഡോക്ടർമാരുടെ ലിസ്റ്റും കൈമാറിയിരുന്നു. ഡോക്ടർമാർക്ക് പ്രതിഫലവും ഇൻഷ്വറൻസ് പരിരക്ഷയും നൽകണം.

ഡോ. ആർ.വി. ആനന്ദ്,

ജില്ലാ സെക്രട്ടറി

എ.എം.എ.ഐ