തൃശൂർ: കൗൺസിലും ജനങ്ങളും അറിയാതെ കോർപറേഷൻ മാസ്റ്റർപ്ലാൻ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ. തേക്കിൻകാടിന് ചുറ്റിലുമായുള്ള പൈതൃക മേഖല പോലും ഉപേക്ഷിച്ചത് വൻ അഴിമതിയാണ്. കൗൺസിലിലോ കമ്മിറ്റികളിലോ വിദഗ്ദരുമായോ, ചർച്ച ചെയ്യാതെ മേയറുടെ മാത്രം അനുമതിയിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ സർക്കാരിൽ സമർപ്പിച്ചു അംഗീകാരം വാങ്ങാനാണ് ശ്രമം നടക്കുന്നത്. 1972ൽ കൗൺസിൽ അംഗീകരിച്ച മാസ്റ്റർപ്ലാൻ കാലഹരണപ്പെട്ടതിനെ തുടർന്ന് 2012 കൗൺസിലും സർക്കാരും അംഗീകരിച്ച വിജ്ഞാപനം ചെയ്ത കരട് മാസ്റ്റർ പ്ലാൻ പരിഷ്‌കരിക്കാൻ 2016ൽ സർക്കാർ അനുമതി നൽകിയത് ആണെങ്കിലും നാലുവർഷമായി ഒന്നും ചെയ്യാതെ കാലാവധി അവസാനിക്കാനിരിക്കേ തിരക്കിട്ടുള്ള അട്ടിമറി നടപടികളാണ് നടത്തുന്നത്. വടക്കുനാഥൻ ക്ഷേത്രവും വിശ്വാസവും തേക്കിൻകാട് മൈതാനവുമായും ബന്ധപ്പെട്ടുള്ള സ്വരാജ് റൗണ്ടിൽ 150 മീറ്റർ വരെ പൈതൃക മേഖലയായി 2012 ലെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചതാണ്. ഇവിടെ കെട്ടിടനിർമ്മാണം 15 മീറ്റർ ഉയരത്തിലൊതുക്കി ക്ഷേത്രശില്പ മാതൃകയും നിഷ്‌കർഷിച്ചിരുന്നു. ഭൂമാഫിയയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പൈതൃകമേഖല പോലും ഉപേക്ഷിച്ചു കൊണ്ടാണിപ്പോൾ തീരുമാനമെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി.