ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ കാരാപ്പാടത്ത് കനാൽപാലം പണിയുന്ന സ്ഥലം ബെന്നി ബെഹനാൻ എം.പി സന്ദർശിച്ചു. പഞ്ചായത്തിലെ കാരാപ്പാടത്തു കൂടി പോകുന്ന വലതുകര കനാലിന്റെ മുകളിലൂടെ പാലം പണിയണം എന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. കുറ്റിച്ചിറയിൽ നിന്നും മറ്റും വരുന്ന വാഹനങ്ങൾക്ക് കാരാപ്പാടത്തേക്ക് എത്തണമെങ്കിൽ കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കനാൽപാലം യഥാർത്ഥ്യമായാൽ വളരെ വേഗം കാരാപ്പാടത്തേക്ക് എത്തിചേരാൻ സാധിക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. ആന്റണി, വാർഡ് പ്രസിഡന്റ് ശരത് മടത്തിപറമ്പിൽ, ബൂത്ത് പ്രസിഡന്റ് എൻ.വി. ജോസ്, അജേഷ് പയ്യാക്ക തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.