പ്രവൃത്തി തുടങ്ങിയത് കേരളകൗമുദി വാർത്തയെ തുടർന്ന്
കാഞ്ഞാണി: തൃശൂർ - വാടാനപ്പിള്ളി സംസ്ഥാനപാതയിലെ അപകടപ്പാലങ്ങൾ ബലപ്പെടുത്തുന്ന നടപടികൾക്ക് തുടക്കം. കാഞ്ഞാണി പെരുമ്പുഴ വലിയ പാലം ഒരു വശത്തേക്ക് ചരിഞ്ഞത് ഉൾപ്പെടെ സംസ്ഥാനപാതയിൽ 19 കിലോമീറ്റർ ദൂരപരിധിക്കുള്ളിലുള്ള മൂന്ന് പാലങ്ങളും അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനപാതാ വികസനം വരുന്നതോടെ നിലവിലുള്ള നാല് പാലങ്ങൾക്ക് സമാന്തരമായി പാലം നിർമ്മിക്കാൻ തീരുമാനം എടുത്തിരുന്നു. എങ്ങുമെത്താത്ത വികസനം കാരണം സമാന്തര പാലം നിർമ്മാണം അനന്തമായി നീളുന്നതിനിടയാണ് 72 വർഷം കാലപ്പഴക്കമുള്ള പെരുമ്പുഴ വലിയപാലം ഒരു വശത്തേക്ക് ചരിഞ്ഞത്. കാലാകാലങ്ങളിൽ പാലങ്ങളുടെ ബലക്ഷയം കണ്ടെത്തി ബലപ്പെടുത്താത്തതു കൊണ്ടാണ് പാലം ചരിയാൻ കാരണമായതെന്ന് എറണാകുളം ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ഷിജി കരുണാകരൻ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അതിനാൽ മറ്റു പാലങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ കൈവരികൾ തകർന്നും തുരുമ്പെടുത്തും കോൺക്രീറ്റ് അടർന്നും ബലക്ഷയം സംഭവിച്ച് പാലങ്ങൾ അപകടഭീഷണി ഉയർത്തിയിരുന്നു. കേരളകൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാഞ്ഞാണി ചെറിയപാലത്തിന്റെ ടാർഡുകളിൽചില ഭാഗങ്ങൾ തുരുമ്പെടുത്തും അടിവശം കോൺക്രീറ്റ് അടർന്നുനിൽക്കുന്നതും കണ്ടെത്തിയത്. കൈവരികൾ തകർന്ന് ദ്രവിച്ച അവസ്ഥയിലായ ചേറ്റുപുഴ പാലവും തകർച്ചയിലാണ്.
കണ്ടശ്ശാംകടവ് പാലം അഞ്ചു വർഷങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കാലാകാലങ്ങളിൽ പ്രവൃത്തികൾ നടത്താത്തതിനാൽ കോൺക്രീറ്റ് അടർന്നും കൈവരികൾ തകർന്നും കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ കാര്യക്ഷമതയോടെ പാലങ്ങളുടെ അറ്റകുറ്റപ്പണി നടത്താതെ കണ്ടശ്ശാംകടവ് ഉൾപ്പെടെയുള്ള പാലങ്ങൾ പെയിന്റിംഗ് നടത്തി മിനുക്കാനുള്ള ശ്രമം മാത്രമാണ് നടത്തിയിട്ടുള്ളത്. കൈവരികൾ ഉൾപ്പെടെ തകർന്ന ഭാഗങ്ങൾ രണ്ടാമതും ബലപ്പെടുത്തുകയാണ് ഉണ്ടായത്.
കണ്ടശ്ശാംകടവ് പാലവും പെരുമ്പുഴ ചെറിയ പാലവും ചാവക്കാട് സെക്‌ഷന്റെ കീഴിലാണുള്ളത്. ഈ രണ്ടുപാലങ്ങളും ബലപ്പെടുത്താനും പെയിന്റിംഗിനും 20 ലക്ഷമാണ് അനുവദിച്ചത്. പെരുമ്പുഴയിലെ തന്നെ വലിയ പാലം ബലപ്പെടുത്താൻ 6.06 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കൊടുത്തതെങ്കിലും ഇതുവരെ ഭരണാനുമതി കിട്ടാതെ പ്രവൃത്തി നീളുകയാണ്.
ചേറ്റുപുഴപാലം തൃശൂർ സെക്‌ഷന്റെ പരിധിയിലാണ്. കൈവരികൾ തകർന്നും മറ്റു ഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നും ബലക്ഷയം സംഭവിച്ചത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാലം ബലപ്പെടുത്തുന്നതിന് 20 ലക്ഷത്തിന്റെ അംഗീകാരം കിട്ടിയതായി ബ്രിഡ്ജ് അധികൃതർ പറഞ്ഞു.
കമന്റുകൾ
കണ്ടശ്ശാംകടവ് പാലത്തിന്റെ കൈവരികളും മറ്റു ഭാഗങ്ങളും ബലപ്പെടുത്തി പെയിന്റിംഗ് നടത്തി. കാഞ്ഞാണി - പെരുമ്പുഴ ചെറിയപാലത്തിന്റെ കുറച്ചുഭാഗങ്ങളിൽ ടാർഡുകൾ തുരുമ്പെടുത്തിട്ടുണ്ട്. അതെല്ലാം കട്ട് ചെയ്‌തെടുത്ത് താത്കാലികമായി ജോയിന്റ് ചെയ്യണം. അതൊടൊപ്പം കോൺക്രീറ്റ് അടർന്നിട്ടുള്ള ഭാഗങ്ങൾ ബലപ്പെടുത്തും.
- രാജൻ അസിസ്റ്റന്റ് എൻജിനിയർ, പി.ഡബ്ല്യു.ഡി ബ്രിഡ്ജ് വിഭാഗം, ചാവക്കാട് സെക്ഷൻ
ചേറ്റുപുഴ പാലത്തിന്റെ കൈവരി ഉൾപ്പടെ എല്ലാ കേടുപേടുകളും തീർക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെൻഡർ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ ഉടൻ ബലപ്പെടുത്തും.
- ബിന്ദു, അസിസ്റ്റന്റ് എൻജിനിയർ, പി.ഡബ്ല്യു.ഡി ബ്രിഡ്ജ് വിഭാഗം, തൃശൂർ സെക്ഷൻ.