പാവറട്ടി: വെള്ളത്തിൽ വീണ ഏഴ് വയസുകാരന് രക്ഷകനായി ആക്ട്‌സ് പ്രവർത്തകൻ. തോളൂർ സ്വദേശി പാണേങ്ങാടൻ വീട്ടിൽ ദേവസ്സി മകൻ പി.ഡി. ഫ്രാൻസീസ് ആണ് അപകടത്തിൽപ്പെട്ട ഏഴ് വയസുകാരന് രക്ഷകനായത്.
തോളൂർ സ്വദേശി ഒലക്കേങ്കിൽ സോമി- സിമി ദമ്പതികളുടെ മകനായ ഏബൽ മാതാപിതാക്കൾക്കൊപ്പം പറപ്പൂർ കാളിപാടം പാടശേഖരത്തിലേക്ക് ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടം. അബദ്ധത്തിൽ വെള്ളത്തിൽ വീണ കുട്ടിയെ ആ വഴിയേ വന്നിരുന്ന ഫ്രാൻസിസും കൂട്ടുക്കാരൻ രാജേഷും കാണുകയും ഉടൻ ഫ്രാൻസിസ് വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു.
ഫ്രാൻസീസിനെ ആക്ട്‌സ് പറപ്പൂർ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. ആക്ട്‌സ് ഭാരവാഹികളായ എ.വി. കറപ്പക്കുട്ടി, ജിൻജോ തോമാസ്, പി.ഡി. വിൻസെന്റ് മാസ്റ്റർ, വാർഡ് മെമ്പർ തോമാസ് ചിറമ്മൽ, കെ.കെ. ഫ്രാൻസിസ്, വി.ഡി.പോൾ തുടങ്ങിയവർ സംസാരിച്ചു.