ചേർപ്പ്: മേളപ്പെരുമ നിറഞ്ഞ പെരുവനം നാട്ടിൽ ചെണ്ടകളുടെ മേളാരവമില്ലാതെ മാസങ്ങൾ. ഊരകം അയിരിപറമ്പിൽ സുനിലിന്റെ വീടിനോട് ചേർന്ന ഐ.ആർ.ആർ എന്ന പേരിലുള്ള ചെണ്ട വീട്ടിലെ അഞ്ഞൂറോളം ചെണ്ടകൾ ചെണ്ടക്കോൽ വീഴാതെ മൂകമാണ്. പൂപ്പലും മഴ മൂലം ഈർപ്പവും, തട്ടി കേടുപാട് സംഭവിച്ചു തുടങ്ങിയിരിക്കുന്നു പലതിനും.
കൊവിഡ് മഹാമാരി മൂലം ഉത്സവങ്ങൾ, പെരുന്നാൾ, സ്‌കൂൾ കലോത്സവങ്ങൾ, ഓണാഘോഷ പരിപാടികൾ, കുമ്മാട്ടിക്കളി എന്നിവ നിലച്ചതോടെയാണ് വാദ്യോപകരണങ്ങൾക്ക് ആവശ്യക്കാരില്ലാതായത്. ഒരു കാലത്ത് ഓണമെത്തിയാൽ കുമ്മാട്ടിക്കളിക്കായും, തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പാർട്ടി സ്ഥാനാർത്ഥികളുടെ ആഹ്ലാദ പ്രകടനത്തിനുമായും ചെണ്ടകളും തപ്പും ഇലത്താളങ്ങളും തേടി പലരുമെത്തിയിരുന്നത് ഈ വീട്ടിലേക്കാണ്. ചെണ്ട വാടകയ്ക്ക് നൽകുന്നത് അപൂർവതയായിരുന്ന കാലത്ത് ഊരകം രാമൻകുട്ടിയെന്ന സുനിലിന്റെ പിതാവ് തുടങ്ങിവച്ചതാണ് ഈ സംരംഭം. ഇക്കഴിഞ്ഞ ഉത്സവ സീസൺ ആയിരുന്ന മാർച്ച് - ഏപ്രിൽ മാസം മുതൽ ചെണ്ടകളും മറ്റ് അസുരവാദ്യ ഉപകരണങ്ങളായ തപ്പ്, തുടി, വടി, ചിലമ്പ്, തകിൽ, മരം, ഇലത്താളം, പുള്ളേർ കുടം എന്നിവയും ചെണ്ട വീട്ടിൽ ലോക് ഡൗണിലായി.
ഇവ സൂക്ഷിച്ചിട്ടുള്ള വിവിധ ഇരുമ്പ് സൂക്ഷിപ്പ് അറകളിൽ മൂകമായി ഇരിക്കുകയാണ് എല്ലാം. ശിങ്കാരിമേളത്തിനാണ് ഏറെയും ചെണ്ടകൾ ഇവിടെ നിന്ന് മേള സംഘങ്ങൾ കൊണ്ടുപോകാറ്. വിദ്യാരംഭം വരാനിരിക്കെ കുട്ടികൾ അരങ്ങേറ്റത്തിന് കൊണ്ടു പോകുമെന്ന പ്രതീക്ഷയും ഏതാണ്ട് അസ്ഥാനത്താണ്. വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ പറ്റാത്ത പ്രതിസന്ധി മൂലം വൻ സാമ്പത്തിക നഷ്ടവും ചെണ്ട വാടകയ്ക്ക് നൽകുന്നവർ നേരിടുന്നതായി സുനിൽ പറയുന്നു. ചെണ്ടകളുടെ വിൽപ്പന, വാടക സംരംഭം എന്നിവ സജീവമായ സമയത്താണ് കൊവിഡിനെ തുടർന്ന് ഇവയ്ക്ക് കടിഞ്ഞാൺ വരുന്നത്. 300 രൂപ മുതൽ ഒരു ചെണ്ടയ്ക്ക് വാടകയും 12,000 രൂപ മുതൽ വിലയുമുണ്ട് .
സുനിലിന്റെ കൂടെയുണ്ടായിരുന്ന ചെണ്ട നിർമ്മാണ തൊഴിലാളികളും മറ്റ് തൊഴിൽ തേടി പോയി. ഉടമയായ സുനിലും ആ പാത പിന്തുടരേണ്ട അവസ്ഥയിലാണ്.
"വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ പറ്റാത്ത പ്രതിസന്ധി മൂലം വൻ സാമ്പത്തിക നഷ്ടവും ചെണ്ട വാടകയ്ക്ക് നൽകുന്നവർ നേരിടുന്നുണ്ട്.
സുനിൽ
ചെണ്ട വീട്