പുതുക്കാട്: ഇന്നലെ ഉച്ചക്കുണ്ടായ മഴയിലും ശക്തമായ കാറ്റിലും മേഖലയിൽ വ്യാപക നാശനഷ്ടം. മുത്രത്തിക്കര,​ തെക്കുമുറി,​ പടിഞാട്ടുമുറി,​ പരിസരങ്ങളിൽ നിരവധി മരങ്ങളും വാഴയും വീണു. കരിക്കോട്ട് സെന്ററിൽ കൂടപറമ്പിൽ ശിവദാസിന്റെ തെങ്ങ് സ്റ്റേഷനറി, പലചരക്ക് കടക്കുമുകളിൽ വീണ് കടയുടെ മേൽഭാഗം തകർന്നു. പള്ളിക്കുന്ന്, നെന്മണിക്കര, തെറവ്, ആമ്പല്ലൂർ, വെണ്ടോർ, കല്ലൂർ, വെള്ളാനിക്കോട്, മുട്ടിത്തടി എന്നിവിടങ്ങിൽ മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ വ്യാപകമായി പൊട്ടി. പലയിടത്തും വൈദ്യുതി കാലുകൾ ഒടിഞ്ഞു. കമ്പികൾ പൊട്ടി മേഖലയിലാകെ വൈദ്യുതി ബന്ധം തകരാറിലായി. രാപ്പാൾ പള്ളം പഞ്ചായത്ത് കുളത്തിനു സമീപം മാവ് റോഡിലേക്ക് വീണ് റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുറുമാലി സെന്ററിൽ പഴയ ഹൈവേയിൽ കാളിപ്പറമ്പിൽ രാധാകൃഷ്ണന്റെ പച്ചക്കറി കടയുടെ സമീപത്തായി തെങ്ങ് ഇലക്ട്രിക് ലൈനിന്റെ മുകളിലേക്ക് വീണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു.