
തൃശൂർ: മുസ്ലീംലീഗിലെയും യു.ഡി.എഫിലെയും പ്രവർത്തനങ്ങളിൽ ലീഗ് അണികളുടെ പ്രിയങ്കരനായ കുഞ്ഞാപ്പ ഇനി നേരിട്ടിടപെടും. മുസ്ലീംലീഗ് ഉന്നതാധികാര സമിതിയുടെ ഈ ഏകകണ്ഠമായ തീരുമാനമാണ് ഹൈദരലി തങ്ങൾ കഴിഞ്ഞ ദിവസം മലപ്പുറത്ത് പ്രഖ്യാപിച്ചത്. ദിവസങ്ങൾക്ക് മുമ്പ് 'ഫ്ലാഷ്' ആണ് ആദ്യമായി ഈ വാർത്ത പുറത്ത് വിട്ടത്. മുസ്ലീംലീഗിലെയും യു.ഡി.എഫിലെയും ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നില്ലെന്ന പരാതി യു.ഡി.എഫിനുള്ളിൽ ഉയർന്ന് വന്നിരുന്നു. സമാനമായ ആവശ്യത്തിനായി ലിഗ് അണികളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. മുസ്ലീംലീഗിലെ സംസ്ഥാന ഘടകം നാഥനില്ലാത്ത സ്ഥിതിയാണെന്ന് ആരോപണമുണ്ടായി. പാർട്ടി മുഖപത്രത്തിലെ പ്രശ്നങ്ങൾ മുതൽ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നത് വരെയുള്ള പ്രശ്നങ്ങളിൽ പാർട്ടി സംവിധാനം നിശ്ചലമായി എന്നായിരുന്നു ആരോപണം. യു ഡി എഫ് അനുകൂല സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടും ഒരു ഘടകക്ഷി ഇടത് പക്ഷത്തേക്ക് പോകുന്ന സ്ഥിതിയുണ്ടായതും യു.ഡി.എഫ് നേതൃരംഗത്ത് കുഞ്ഞാലിക്കുട്ടി ഇല്ലാതെ പോയത് മൂലമാണെന്ന തിരിച്ചറിവ് പാണക്കാട് കുടുംബത്തിനുണ്ടായതാണ് ഐക്യകണ്ഠേനയുള്ള ഈ തീരുമാനത്തിന് പിറകിലുള്ളത്.
തന്ത്രങ്ങൾക്ക് യു.ഡി.എഫ്
യോഗത്തിൽ തുടക്കമിടും
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും കുഞ്ഞാലിക്കുട്ടിയും മത്സരിച്ചപ്പോഴുണ്ടായ സമാന സാഹചര്യം നിലനിർത്താനുള്ള കുഞ്ഞാപ്പയുടെ തന്ത്രങ്ങൾക്ക് നാളെ തുടക്കമാകും. ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കുകയെന്നതാവും ആദ്യ അജണ്ട. അതിനായി ബി.ജെ.പി - പിണറായി സർക്കാർ ധാരണയെന്ന പ്രചാരണം ശക്തമാക്കും. ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, കാന്തപുരം സുന്നി വിഭാഗം, മുസ്ലീംലീഗ് അനുകൂല ഇ.കെ. സുന്നി വിഭാഗം എന്നിവരുമായി ബന്ധം ശക്തമാക്കും. നിരവധി വൈരുദ്ധ്യങ്ങൾക്കിടയിലും ഈ സമുദായ സംഘടന നേതൃത്വങ്ങളുമായി നല്ല ബന്ധമുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടി.