flat

തൃശൂർ : വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ആഴിമതി ആരോപണവുമായി എം.എൽ.എയും വക്കീൽ നോട്ടീസും ശക്തമായ പ്രതികരണവുമായി മന്ത്രിയും സി.പി.എമ്മും അണിനിരന്നതോടെ വിവാദം ചൂടുപിടിച്ചു.

അതേസമയം അഴിമതി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അഴിമതി തെളിയിക്കാനുള്ള അവസരമായി വക്കീൽ നോട്ടീസിനെ കാണുന്നതായും അനിൽ അക്കര എം.എൽ.എ പ്രതികരിച്ചു. മന്ത്രിക്ക് പിന്തുണയുമായാണ് സി.പി.എം ജില്ലാനേതൃത്വം രംഗത്തെത്തിയത്. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണത്തിൽ മന്ത്രി എ.സി മൊയ്തീൻ കോടികളുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് അനിൽ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരും വടക്കാഞ്ചേരിയിലെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തന്റെ നിലപാട് വിശദീകരിക്കാൻ മന്ത്രി മൊയ്തീൻ രംഗത്ത് വന്നിരുന്നില്ല. കഴിഞ്ഞ എതാനും ദിവസങ്ങളായി നിരന്തരം മന്ത്രിക്കെതിരെ അനിൽ അക്കര രംഗത്ത് വന്നതോടെയാണ് ഇന്നലെ പത്രസമ്മേളനം വിളിച്ച് അനിൽ അക്കരയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്.

സി.എൻ ബാലകൃഷ്ണനോടുള്ള വൈരാഗ്യം തീർന്നില്ലേയെന്ന് മൊയ്തീൻ


യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വീടില്ലാത്തവർക്ക് വീടുണ്ടാക്കാൻ സംഘടിപ്പിച്ച 'ഭൂമിഗീതം' പരിപാടിയിൽ ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ സ്ഥലത്ത് സർക്കാർ നിർമ്മിക്കുന്ന ഫ്‌ളാറ്റിനെതിരെ ആരോപണം ഉയർത്തുന്നതിലൂടെ മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനോട് വൈരാഗ്യം തീർക്കാനാണോ എം.എൽ.എ ശ്രമിക്കുന്നത്. സി.എൻ. ബാലകൃഷ്ണൻ വടക്കാഞ്ചേരിയിൽ നിന്നുള്ള എം.എൽ.എ ആയിരുന്ന കാലത്ത് കണ്ടെത്തിയ ഭൂമിയിലാണ് ഫ്‌ളാറ്റ് നിർമ്മിക്കുന്നത്. ആ ഇടപാടിൽ അഴിമതിയുണ്ടെങ്കിൽ എം.എൽ.എ അത് പറയണം. അല്ലാതെ എം.എൽ.എ എന്ന നിലയ്ക്കുള്ള മണ്ഡലത്തിലെ പരാജയം മറച്ചു വയ്ക്കാൻ വിവരക്കേട് പറഞ്ഞ് നടക്കുകയല്ല ചെയ്യേണ്ടത്. മണ്ഡലത്തിലെ വികസന പദ്ധതികൾ മുടക്കലല്ലാതെ ഇക്കാലത്തിനിടയ്ക്ക് എം.എൽ.എ എന്ത് ചെയ്തുവെന്ന് ജനം പരിശോധിക്കും. അമ്മയെക്കൊണ്ട് കത്തെഴുതിച്ച എം.എൽ.എ, താൻ മുഖേന മാനഹാനിക്ക് ഇരയായ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ജയന്തനും അതുപോലൊരു അമ്മയും കുടുംബവുമുണ്ടെന്ന് മറന്നു. താൻ 43 വർഷമായി പാർട്ടി അംഗമായിട്ട്. പണമുണ്ടാക്കാനും മന്ത്രിയാകാനുമല്ല പാർട്ടിയിൽ വന്നത്.


വക്കീൽ നോട്ടീസ് അഴിമതി തെളിയിക്കാനുള്ള അവസരം

മന്ത്രി മൊയ്തീൻ രണ്ട് കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് അനിൽ അക്കര എം.എൽ.എ വ്യക്തമാക്കി. അഴിമതി തെളിയിക്കാനുള്ള അവസരമാണ് മന്ത്രി അയച്ച വക്കീൽ നോട്ടീസ്. മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. സ്വന്തം മണ്ഡലത്തിലെ പദ്ധതി തന്നിൽ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസന്റ് ആണെങ്കിൽ ലൈഫ് മിഷൻ എന്തിന് കത്തയച്ചുവെന്ന് മന്ത്രി വിശദീകരിക്കണം. നടപടിക്രമങ്ങൾ പാലിക്കാതെയും മാനദണ്ഡം പാലിക്കാതെയുമാണ് ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നത്. യു.എ.ഇയുടെ സഹായം നഷ്ടപ്പെടുത്തിയെന്നത് രേഖകളാണെന്നും അനിൽ പറഞ്ഞു.

മണ്ഡലത്തിൽ ഒന്നും ചെയ്യാനാകാത്ത എം.എൽ.എയെന്ന് സിപിഎം

ജനപ്രതിനിധി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം വിവാദങ്ങൾ ഉണ്ടാക്കി നടക്കുന്ന നടപടി എം.എൽ.എ അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ആവശ്യപ്പെട്ടു. മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത എം.എൽ.എയാണ് അനിൽ അക്കര. എം.എൽ.എയ്ക്കെതിരെ സി.പി.എം നേതാവ്‌ ബേബി ജോണിന്റെ 'സാത്താന്റെ സന്തതി' പ്രയോഗം സാന്ദർഭികമായി പറഞ്ഞതാണ്, ശരിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.