തൃപ്രയാർ: ഉന്നം പരിപാടിയുടെ ഭാഗമായി എം.എ യൂസഫലി നൽകിയ ഓണക്കിറ്റ് വിതരണം തുടങ്ങിയവയിൽ നാട്ടിക പഞ്ചായത്ത് വ്യാപകമായ അഴിമതി നടത്തുന്നതായി എൽ.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഇന്ന് മുതൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ തുടർച്ചയായി പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യൂസഫലി ഓണസമ്മാനമായി 5000 ഓണക്കിറ്റുകൾ നൽകിയതിൽ പഞ്ചായത്ത് ആസൂത്രണസമിതി 2800 കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്. ബാക്കിയുള്ള 2200 കിറ്റുകൾ കോൺഗ്രസുകാർ അടിച്ചുമാറ്റി വൻ അഴിമതിയാണ് നടത്തിയത്. കോൺഗ്രസ് അല്ലാത്ത 5 മെമ്പർമാരെയും ഒഴിവാക്കി. സ്വന്തം ഗ്രാമമായ നാട്ടികയിൽ യൂസഫലി നടത്തുന്ന സേവനങ്ങളും സഹായങ്ങളും കോൺഗ്രസുകാരുടേതെന്ന മട്ടിൽ പ്രചരണം നടത്തുന്നത് അൽപ്പത്തമാണെന്നും നേതാക്കളായ ടി.കെ ദേവദാസ്, വി.എം സതീശൻ, ടി.സി ഉണ്ണിക്കൃഷ്ണൻ, ശിവൻ മഞ്ചറമ്പത്ത്, വി.വി പ്രദീപ് എന്നിവർ പറഞ്ഞു.
ലൈഫ് പദ്ധതിയിൽ 19 വീടുകൾ മാത്രമാണ് പണി പൂർത്തീകരിച്ചത്. 300 വീടുകൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗീതാഗോപി എം.എൽ.എ അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ച് തൃപ്രയാർ ബസ് സ്റ്റാൻഡ് നവീകരണം നടത്താൻ പഞ്ചായത്ത് തയ്യാറാവുന്നില്ല. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം നിലനിൽക്കുന്ന കലാഞ്ഞി മേഖലയിലും പുഴയോരത്തും ആവശ്യമായ ജലം വിതരണം ചെയ്യുകയോ ചെറുകിട ജലവിതരണ പദ്ധതികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. കുടുംബശ്രീ വഴി കോഴിക്കൂടും കോഴികളെയും നൽകി കരാറുകാരന് പണം നൽകാതെ വൻ തട്ടിപ്പാണ് പഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു.