തൃശൂർ: റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളിൽ 75 ശതമാനം പേർക്കും വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെ. ബാക്കി 25 ശതമാനം പേർക്ക് മാത്രമാണ് യാത്രയിലൂടെ രോഗം പകർന്നത്. പ്രോട്ടോകോൾ പാലിക്കാതെയുള്ള ജനങ്ങളുടെ ഇടപെടലുകളാണ് സമ്പർക്ക വ്യാപനം ദിനംപ്രതി കൂടാൻ ഇടയാക്കിയതെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ രണ്ട് മാസവും ആഴ്ചകളും പരിശോധിച്ചാൽ ഇത് തിരിച്ചറിയാനാകും. രോഗികളുടെ എണ്ണം 5000 കടന്ന് പതിനായിരത്തിലേക്കുള്ള യാത്രയിലാണ്. നിലവിലെ സാഹചര്യത്തിൽ ഈ മാസം തന്നെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിൽ മാത്രം രണ്ടായിരം രോഗികളാണ് തൃശൂരിൽ ഉണ്ടായത്.
രോഗം പകരാതെ ശ്രദ്ധിച്ച് യാത്രക്കാർ
പ്രവാസികൾ അടക്കം യാത്രക്കാർ സർക്കാർ നൽകിയ പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചതാണ് രോഗം അവരിൽ നിന്നും വല്ലാതെ പരക്കാതിരിക്കാൻ കാരണം. ആദ്യം സർക്കാർ നിർദ്ദേശിച്ച 14 ദിവസവും തുടർന്ന് 28 ദിവസവും വീടുകളിലും ഇതരകേന്ദ്രങ്ങളിലും ക്വാറന്റൈനിൽ പ്രവേശിച്ച ഇവർ നാട്ടുകാർക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിച്ചു. വീട്ടുകാർക്കും കുടുംബക്കാർക്കും അടുത്തിടപഴകിയവർക്കും മാത്രമാണ് രോഗം ഇവരിൽ നിന്നും പകർന്നത്.
കൊവിഡ് : സമ്പർക്കം Vs പ്രവാസികൾ
ആഗസ്റ്റ് 25 മുതൽ സെപ്തംബർ ആറ് വരെ (13 ദിവസം)
സമ്പർക്കത്തിലൂടെ 2,087 പേർക്ക്
യാത്രയിലൂടെ 59 പേർക്ക്
സെപ്തംബർ ഒന്ന് മുതൽ ആറ് വരെ 519 പേർക്ക്
യാത്രയിലൂടെ 35 പേർക്ക്
ഒന്നര ആഴ്ചയ്ക്കിടെ 2000 രോഗികൾ
രോഗം സ്ഥിരീകരിച്ചവർ 5583
സമ്പർക്കത്തിലൂടെ പകർന്നവർ 4228
പ്രവാസികൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 1255