തൃശൂർ: വടക്കുന്നാഥൻ ക്ഷേത്രത്തിന്റെയും, തേക്കിൻകാടിന്റേയും, മാഹാത്മ്യം മുൻനിറുത്തി സ്വരാജ് റൗണ്ടിൽ 150 മീറ്റർ ദൂരം പൈതൃകമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ അട്ടിമറിക്കാനുള്ള കോർപറേഷൻ നടപടിക്കെതിരെ ഡി.സി.സി നേതൃത്വം രംഗത്തിറങ്ങി. പൈതൃകമേഖല സംരക്ഷിക്കാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, മുൻ മേയർ ഐ.പി. പോൾ, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ എന്നിവർ കോൺഗ്രസ് നേതാക്കളുമൊത്ത് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സന്ദർശിച്ചു. പദ്ധതി സംരക്ഷിക്കണമെന്ന ശക്തമായ വികാരമാണ് ഭാരവാഹികളിൽ നിന്ന് ഉണ്ടായതെന്ന് ഡി.സി.സി പ്രസിഡന്റ് എം പി. വിൻസെന്റ് അറിയിച്ചു.