പുതുക്കാട്: ദേശീയ പാതയോരത്ത് കൊടകരയ്ക്കടുത്ത് കൊളത്തൂരിൽ വ്യാപാര സ്ഥാപനത്തിൽ മുൻപിൽ രക്തം കണ്ടത് പരിഭ്രാന്തി പരത്തി. ഓട്ടു കമ്പനിക്ക് സമീപത്തുള്ള കൃഷ്ണ അലുമിനിയം ഫാബ്രിക്കേഷന്റെ വരാന്തയിലാണ് രക്തം തളംകെട്ടി നിൽക്കുന്നത് കണ്ടത്.
ചുമരിലും ഷട്ടറിലും രക്തം തെറിച്ച നിലയിലും മനുഷ്യന്റെ കൈ പാടുകളും കണ്ടെത്തി. തിങ്കളാഴ്ച കട തുറക്കാനെത്തിയ ജീവനക്കാരാണ് രക്തം കണ്ടത്. ഉടൻ കൊടകര പൊലീസിനെ അറിയിച്ചു. പൊലീസ് സയന്റിഫിക് ഓഫീസർ റിനി തോമസ്, ഫിംഗർ പ്രിന്റ് എക്‌സ്‌പെർട്ട് ശ്രീജ.എസ്. നായർ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.
രക്തം മനുഷ്യന്റേതോ, മൃഗങ്ങളുടേതോ എന്ന് സ്ഥിരീകരിച്ച ശേഷമായിരിക്കും കൂടുതൽ അന്വേഷണമെന്ന് കൊടകര പൊലീസ് അറിയിച്ചു. ഞായറാഴ്ച വ്യാപാര സ്ഥാപനം മുടക്കായിരുന്നു. പകൽ മഴ പെയ്തപ്പോൾ വഴിയാത്രക്കാർ കടക്കു മുമ്പിൽ നിന്നിരുന്നതായി നാട്ടുകാർ അറിയിച്ചു.