ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം കൊമ്പ് വാദ്യ കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർക്ക്. ക്ഷേത്രകലകളെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം അഷ്ടമിരോഹിണി നാളിൽ നൽകി വരുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാരം. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗം കെ.വി. ഷാജി, കേരള കലാമണ്ഡലം വൈസ് ചാൻസർ ടി.കെ. നാരായണൻ, പെരുവനം കുട്ടൻമാരാർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഷ്ടമി രോഹിണി ദിനത്തിൽ വൈകീട്ട് അഞ്ചിന് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ചേരുന്ന പുരസ്‌കാര സമർപ്പണ ചടങ്ങ് ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനാകും.