പുതുക്കാട്: ആന്റിജൻ പരിശോധനയിൽ പുതുക്കാട് പഞ്ചായത്ത് പരിധിയിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പുതുക്കാടുകാർക്കും ഒരു നെന്മണിക്കര സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം നാലിന് കൊവിഡ് സ്ഥിരീകരിച്ച നാളികേര കച്ചവടക്കാരന്റെ സമ്പർക്കത്തിൽപ്പെട്ടവരായിരുന്നു അഞ്ച് പേർ. ഒരാൾ കൊവിഡ് ബാധിച്ച മരിച്ചയാളുടെ ബന്ധുവാണ്. നാളികേര കച്ചവടക്കാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അയൽവാസികളെ നിരീക്ഷണത്തിലാക്കിയിരുന്നു. പുതുക്കാട് മേരിമാത സ്‌കൂളിൽ നടത്തിയ അഞ്ചാംഘട്ട ആന്റിജൻ പരിശോധനയിൽ 130 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ആദ്യ നാലു ഘട്ടങ്ങളിലും നടത്തിയ ആന്റിജൻ പരിശോധനയിൽ പഞ്ചായത്ത് പരിധിയിൽ ഒരു ആരോഗ്യ പ്രവർത്തകക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. സമീപ പഞ്ചായത്തുകളിൽ അടക്കം കൊവിഡ് വ്യാപനം ഒരുഘട്ടത്തിൽ ആശങ്കയായി നിലനിന്നപ്പോഴും ഇതുവരെ കണ്ടെയ്ൻമെന്റ് സോണിൽ പുതുക്കാട് ഉൾപ്പെട്ടിട്ടില്ല.