പാവറട്ടി: കരുവന്തല ചക്കംകണ്ടം റോഡിന് 2016- 17 വർഷം ബഡ്ജറ്റിൽ അനുവദിച്ച 35 കോടി രൂപ വക മാറ്റാൻ മുരളി പെരുനെല്ലി എം.എൽ.എ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് സമരത്തിലേക്ക്. 2016- 17 ബഡ്ജറ്റിലാണ് കരുവന്തല- ചക്കംകണ്ടം റോഡിന് 35 കോടി വകയിരുത്തിയത്. പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തിലെയും തീരദേശമേഖലയിലെയും സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ റോഡാണിത്.
അനുവദിക്കപ്പെട്ട തുക വകമാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരവധി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, വിവിധ
മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ അടക്കം നിരവധി സ്ഥാപനങ്ങൾ ഈ റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പലയിടത്തും തകർന്നു കിടക്കുന്ന റോഡിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും യാത്രയ്ക്ക് ദുരിതമാകുന്നുണ്ട്.
റോഡിന്റെ സമഗ്രവികസനത്തിനും നവീകരണത്തിനും ആവശ്യമായ ഫണ്ടും ഫണ്ടിനു ഭരണാനുമതിയും ലഭിച്ചിരിക്കേ എന്തുകൊണ്ട് തീരദേശവാസികളോട് പ്രതികാര മനോഭാവത്തിൽ പെരുമാറുന്നുവെന്നും നിരവധി നിവേദനങ്ങളും ഭീമഹർജികളും സമർപ്പിച്ചിട്ടും അതിനെതിരെ മുഖം തിരിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും തീരദേശ മേഖലയോട് കാണിക്കുന്ന നിഷേധാത്മക സമീപനം തുറന്നു കാണിക്കുന്നതിന് സമരപരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.കെ. രാജൻ, മണ്ഡലം പ്രസിഡന്റുമാരായ ഒ.ജെ. ഷാജൻ മാസ്റ്റർ, എം.ബി. സെയ്തുമുഹമ്മദ്, മണികണ്ഠൻ മഞ്ചറമ്പത്ത് എന്നിവർ പറഞ്ഞു.