തൃശൂർ: തൃശൂർ നഗരത്തിന്റെ മാസ്റ്റർപ്ളാനിനെ ചുറ്റി വിവാദം മുറുകുന്നു. കോർപറേഷൻ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ച് തയ്യാറാക്കിയ പുതിയ മാസ്റ്റർ പ്ളാൻ തൃശൂരിന്റെ പൈതൃകം തകർക്കുന്ന തരത്തിലുള്ളതാണ് എന്ന കോൺഗ്രസ് ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്.
കൗൺസിലും ജനങ്ങളും അറിയാതെ കോർപറേഷൻ മാസ്റ്റർപ്ലാൻ അട്ടിമറിച്ചുവെന്നാണ് ആരോപണം. തേക്കിൻകാടിന് ചുറ്റുമുള്ള പൈതൃക മേഖല പോലും ഉപേക്ഷിച്ചത് വൻ അഴിമതിയാണ്. കൗൺസിലിലോ കമ്മിറ്റികളിലോ വിദഗ്‌ദ്ധരുമായോ ചർച്ച ചെയ്യാതെ മേയറുടെ മാത്രം അനുമതിയിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ സർക്കാരിൽ സമർപ്പിച്ചു അംഗീകാരം വാങ്ങാനാണ് ശ്രമം നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
1972ൽ കൗൺസിൽ അംഗീകരിച്ച മാസ്റ്റർപ്ലാൻ കാലഹരണപ്പെട്ടു. തുടർന്ന് 2012ൽ കൗൺസിലും സർക്കാരും അംഗീകരിച്ച വിജ്ഞാപനം ചെയ്ത കരട് മാസ്റ്റർ പ്ലാൻ പരിഷ്‌കരിക്കാൻ 2016ൽ സർക്കാർ അനുമതി നൽകി. പക്ഷേ, നാലുവർഷമായി ഒന്നും ചെയ്യാതെ കാലാവധി അവസാനിക്കാനിരിക്കെ തിരക്കിട്ടുള്ള അട്ടിമറി നടപടികളാണ് നടത്തുന്നതെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നു. വടക്കുന്നാഥൻ ക്ഷേത്രത്തിനു ചുറ്റുമുള്ള പൈതൃക സോൺ ഇല്ലാതാക്കാൻ ബി.ജെ.പി കൗൺസിലർമാർ മൗനസമ്മതം നൽകുന്നുവെന്ന് ബി.ജെ.പിക്കെതിരെയും കോൺഗ്രസ് പറഞ്ഞിരുന്നു.
എന്നാൽ പൈതൃക സോണുകൾ സംബന്ധിച്ച് കേന്ദ്രനിയമ പ്രകാരമുള്ള തൃശൂർ തേക്കിൻകാട് ഉൽപ്പെടെയുള്ള എല്ലാ സ്ഥലവും പൈതൃക സോണുകൾ തന്നെയായിട്ടാണ് ഈ കൗൺസിൽ പദ്ധതി സമർപ്പിച്ചിരിക്കുന്നതെന്നാണ് ഭരണകക്ഷിയുടെ വാദം.
മാസ്റ്റർ പ്ലാൻ ഈ മാസം
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂർ കോർപറേഷൻ എൽ.ഡി.എഫ് ഭരണ സമിതി സമർപ്പിച്ച മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയേക്കും.
തൃശൂരിൽ സ്വരാജ് റൗണ്ടിന് 36 മീറ്റർ വീതി ഉണ്ടായിരിക്കണം. നിലവിലുള്ളത് 22 മീറ്റർ മാത്രമാണ്. അതായത് 14 മീറ്റർ പൂരപറമ്പിലേയ്ക്ക് കടത്തി പുതിയ റോഡ് നിർമ്മിക്കണമെന്നാണ് അന്നത്തെ കോൺഗ്രസ് ഭരണ സമിതി ആലോചിച്ചത്.
അജിതാ ജയരാജൻ
മേയർ
വടക്കുനാഥൻ ക്ഷേത്രവും വിശ്വാസവും തേക്കിൻകാട് മൈതാനവുമായും ബന്ധപ്പെട്ടുള്ള സ്വരാജ് റൗണ്ടിൽ 150 മീറ്റർ വരെ പൈതൃക മേഖലയായി 2012 ലെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചതാണ്. ഇവിടെ കെട്ടിടനിർമ്മാണം 15 മീറ്റർ ഉയരത്തിലൊതുക്കി ക്ഷേത്രശില്പ മാതൃകയും നിഷ്‌കർഷിച്ചിരുന്നു. ഭൂമാഫിയയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പൈതൃകമേഖല പോലും ഉപേക്ഷിച്ചു കൊണ്ടാണിപ്പോൾ തീരുമാനം
രാജൻ പല്ലൻ
പ്രതിപക്ഷ നേതാവ്
തൃശൂരിന്റെ പൈതൃകം സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികളാണ് തൃശൂരിന് വേണ്ടത്. നഗരത്തിന്റെ പൈതൃക സംരക്ഷണത്തിലനായുള്ള പ്രവർത്തനങ്ങളാണ് എന്നും ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. മറിച്ചുള്ള പ്രസ്താവനങ്ങൾ വോട്ട് ലക്ഷ്യമാക്കിയുള്ളതാണ്.
എം.എസ്.സമ്പൂർണ്ണ
ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ