തൃപ്രയാർ: ഉന്നം പരിപാടിയുടെ ഭാഗമായി നാട്ടികയിൽ സാബിറ യൂസഫലി വിതരണം ചെയ്ത ഓണക്കിറ്റ് പദ്ധതിയിൽ അഴിമതി നടന്നതായ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ്. ഗ്രാമപഞ്ചായത്തും ആസൂത്രണസമിതിയും സംയുക്തമായി നടപ്പിലാക്കിയ ഉന്നം പദ്ധതി ഇരു കൈയ്യും നീട്ടിയാണ് നാട്ടികക്കാർ എറ്റെടുത്തത്. ഉന്നം എന്നു കേൾക്കുമ്പോൾ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഉറക്കം കെടുകയാണെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, ആസൂത്രണസമിതി വൈസ് ചെയർമാൻ അനിൽ പുളിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി നോക്കിയല്ല കിറ്റുകൾ വിതരണം ചെയ്തത്. രജിസ്‌ട്രേഷനും അർഹതയും മാത്രമായിരുന്നു മാനദണ്ഡം. പദ്ധതിയുടെ ഭാഗമായി ലഭിച്ച 4000 കിറ്റുകളും വിതരണം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വി.ആർ വിജയൻ, ഗ്രാമപഞ്ചായത്തംഗം സി.ജി അജിത്കുമാർ, ചക്രപാണി പുളിക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.