vadakke-stand

തൃശൂർ: വടക്കേച്ചിറ ബസ് സ്റ്റാൻഡിന്റെയും ദിവാൻജിമൂല മേൽപ്പാലത്തിന്റെയും സമർപ്പണം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുമെന്ന് കോർപറേഷൻ മേയർ അജിത ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബസ് സ്റ്റാൻഡ് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി വി.ജി മാത്യുവിൽ നിന്ന് കോർപറേഷനായി മന്ത്രി എ.സി മൊയ്തീൻ ഏറ്റുവാങ്ങും. സി.എസ്.ആർ ഫണ്ട് അനുവദിച്ച സൗത്ത് ഇന്ത്യൻ ബാങ്കിനെ മന്ത്രി വി.എസ് സുനിൽകുമാറും ബസ് ഹബ്ബിന് വേണ്ടി ലേഔട്ട് തയ്യാറാക്കിയ എൻജിനീയർമാരെ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ആദരിക്കും. ബസ് സ്റ്റാൻഡിൽ സജ്ജീകരിച്ചിരിക്കുന്ന റസ്റ്റോറന്റ് ടി.എൻ പ്രതാപനും ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മാണം പൂർത്തീകരിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എം ഗവ. ചീഫ് വിപ്പ് കെ. രാജനും പൊലീസ് ഔട്ട്‌പോസ്റ്റ് ഐ.ജി എസ്. സുരേന്ദ്രനും വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കളക്ടർ എസ്. ഷാനവാസും നിർവഹിക്കും.

ദിവാൻജി മൂല മേൽപ്പാലം മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രിമാർ നാട മുറിച്ച് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകും. മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് (ഓപറേഷൻസ്) കെ. തോമസ് ജോസഫ്, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.