അന്തിക്കാട്: അന്തിക്കാട് പാടശേഖര സമിതി ഈ വർഷവും കർഷകർക്ക് ദ്രോഹമാകുന്ന രീതിയിൽ മീൻ ലേലം നടത്താൻ തീരുമാനിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ലേല ഹാളിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ വർഷം മീൻ ലേലം നടത്തിയതിനാൽ രണ്ട് മാസം കഴിഞ്ഞാണ് കൃഷിയിറക്കാനായത്. ഇതുമൂലം കൊയ്ത്തും വളരെ വൈകിയിരുന്നു. മാർച്ചിലെ കനത്ത ചൂടിൽ വിള നശിച്ചത് അന്തിക്കാട് പാടശേഖരസമിതിയിലെ രണ്ടായിരത്തോളം കർഷകർക്ക് ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടാക്കി. രണ്ട് കോടി രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും അഴിമതി നടത്താൻ സി.പി.എം നേതൃത്വത്തിലുള്ള സമിതി തയ്യാറായതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
പൊലീസ് തടഞ്ഞ മാർച്ച് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.ബി. സജീവ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡന്റ് സുകേഷ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. സന്ദീപ് ബാബു മോഹൻദാസ്, ശ്യാം രാജ് , കിരൺ തോമാസ് , വിഷ്ണു പ്രകാശൻ ,സലീഷ് സോളമൻ തുടങ്ങിയവർ പങ്കെടുത്തു.