തൃപ്രയാർ : നാട്ടിക പഞ്ചായത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് ധർണ്ണ നടത്തി. പഞ്ചായത്താഫീസിന് മുമ്പിൽ നടന്ന ധർണ്ണ സി.പി.എം എരിയ സെക്രട്ടറി പി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.സി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യു.കെ ഗോപാലൻ, ശിവൻ മഞ്ചറമ്പത്ത്, ടി.കെ ദേവദാസ്, വി.എം സതീശൻ എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫിന്റെ നേത്യത്വത്തിൽ പഞ്ചായത്തിനെതിരെ അനിശ്ചിതകാല സമരമാണ് ആരംഭിച്ചത്. എം.എ യൂസഫലി ഓണസമ്മാനമായി നൽകിയ കിറ്റുകൾ അടിച്ചുമാറ്റി അഴിമതി നടത്തിയ കോൺഗ്രസിന്റെ യഥാർത്ഥ മുഖം ജനം തിരിച്ചറിഞ്ഞു. ലൈഫ് പദ്ധതിക്കായി 300 വീടുകൾക്ക് സർക്കാർ ഫണ്ടനുവദിക്കുകയും ഫണ്ട് ചെലവാക്കാതിരിക്കുകയും തൃപ്രയാർ ബസ് സ്റ്റാൻഡ് നവീകരണത്തിനായി ഗീതാഗോപി എം.എൽ.എ അനുവദിച്ച 5 കോടി രൂപ ചെലവഴിക്കാതെ പദ്ധതി തുരങ്കം വയ്ക്കുന്ന ഭരണസമിതി നിലപാടിനെതിരെയുമാണ് എൽ.ഡി.എഫ് സമരം ആരംഭിച്ചത്.