ചാലക്കുടി: ചാലക്കുടിയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകി ബി.എഡ് സെന്റർ സെപ്തംബർ 11ന് തുടക്കം കുറിക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ യൂജിൻ മോറേലി അറിയിച്ചു. വൈകീട്ട് മൂന്നിന് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പോട്ടയിലെ സ്വന്തം ബിൽഡിംഗ് നിർമ്മാണം പൂർത്തീകരിക്കുന്നത് വരെ ചാലക്കുടി നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാകും പ്രവർത്തിക്കുക.
സർവകലാശാല നേരിട്ട് നടത്തുന്ന കോളേജിന്റെ കെട്ടിട നിർമ്മാണത്തിന് ഒരേക്കറോളം സ്ഥലവും രണ്ടര ഏക്കർ കളിസ്ഥലവും സർവകലശാലയ്ക്ക് മുനിസിപ്പൽ കൗൺസിൽ കൈമാറിയിട്ടുണ്ട്. കൊമേഴ്‌സ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, നാച്വറൽ സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഈ വർഷത്തെ പ്രവേശനം. വൈസ് ചാൻസലർ ഡോ. ജയരാജ് അദ്ധ്യക്ഷനാകും.
സർവകലാശാല അധികൃതരും ജനപ്രതിനിധികളും സംബന്ധിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. സുരേഷും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.