ചേലക്കര: ചേലക്കര പഞ്ചായത്ത് ഭരണസമിതിയുടെ നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും പഞ്ചായത്ത് കവാടത്തിൽ ധർണയും നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉണ്ണിക്കൃഷ്ണന്റെ മരണത്തെ തുടർന്ന് സി.പി.എം മുന്നണിക്ക് ഭരണം നഷ്ടപ്പെട്ട് കോൺഗ്രസിലെ ടി.സി. ശാന്തകുമാരി പ്രസിഡന്റായ ഭരണ സമിതിയാണ് ഇപ്പോഴുള്ളത്.
പുതിയ ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധമാണ് നടന്നത്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഭൂരഹിതർക്ക് ഭൂമിയും വീടും നൽകുന്നതിന് നടപടികൾ പൂർത്തീകരിച്ച് ഭൂമി വാങ്ങാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ പുതിയ പ്രസിഡന്റ് വന്നശേഷം തുടർനടപടികൾ മതിയെന്ന നിലപാടാണ് യു.ഡി.എഫ് മെമ്പർമാർ സ്വീകരിച്ചതെങ്കിലും പിന്നീട് നടന്ന കമ്മിറ്റികളിൽ അജണ്ട വയ്ക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.

കോടികളുടെ വികസന പ്രവർത്തനങ്ങളാണ് ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി തൊഴിലുറപ്പ് രംഗത്ത് പഞ്ചായത്തിൽ നടന്നിട്ടുള്ളത്. ഇപ്പോൾ തൊഴിലുറപ്പിലെ എ.ഇ ഉൾപ്പെടെ നാല് കരാർ ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിക്കുന്നു. ഇനി പുതിയ ആളുകളെ നിയമാനുസരണം നിയമിക്കാൻ മാസങ്ങൾ വേണ്ടിവരും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ തൊഴിലുറപ്പ് മേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

2008- 9 കാലത്ത് തുടക്കം കുറിച്ച പകൽ വീടും ആധുനിക സൗകര്യങ്ങളോടെയുള്ള കുട്ടികളുടെ ലൈബ്രറിയും ആർ. ഉണ്ണിക്കൃഷ്ണൻ നേതൃത്വം കെടുത്ത പഞ്ചായത്ത് ഭരണസമിതിയാണ് പൂർത്തീകരിച്ചത്. വയോജനങ്ങളുടെ മാനസികവും, കായികവും, വിനോദവും ഉൾപ്പെടെയുള്ള ഒത്തുചേരൽ കേന്ദ്രം എന്ന നിലയിൽ താഴെയും മുകളിലുമായി ഒരുക്കിയ കെട്ടിടത്തിന് ചേലക്കരയിലെ സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന അന്തരിച്ച ശിവൻ മാസ്റ്ററുടെ സ്മാരകം എന്ന നിലയ്ക്കാണ് നാടിന് സമർപ്പിച്ചത്. എന്നാൽ പേര് മാറ്റണമെന്ന നിലപാടിലാണ് ഇപ്പോഴത്തെ ഭരണസമിതിയെന്നും പ്രതിപക്ഷം ആരോപിച്ചു.

ചേലക്കര ഗ്രാമപഞ്ചായത്തിന്റെ വ്യക്തിഗത ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ കൊടുക്കാമായിരുന്നത് കൊടുക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ധർണ്ണ നടത്തിയ പ്രതിപക്ഷം ആരോപിച്ചു. കെ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എം. മോഹൻദാസ് അദ്ധ്യക്ഷനായി. ടി.വി. മോഹൻ ദാസ്, ബാലൻ പുളിക്കൽ, ഗായത്രി ജയൻ, സൈനബ ഇക്ബാൽ, കെ.എ. ബൾക്കീസ്, റുക്കിയ കരീം, ഗിരീഷ് .പി., സുജിത സന്തോഷ് എന്നിവർ പങ്കെടുത്തു.