ചേലക്കര: ചേലക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ശാന്തകുമാരി. ഭൂരഹിതർക്ക് ഭൂമി വാങ്ങാനുള്ള പദ്ധതി അജണ്ട പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നോട്ടിഫിക്കേഷൻ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം കമ്മിറ്റി കൂടിയാൽ മതിയെന്ന സാമാന്യ മര്യാദ പാലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ അജണ്ട അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കാനാണ് ധാരണയായത്. നാലു വർഷം ഭൂമി വാങ്ങാതെ അവസാന മണിക്കൂറിൽ ഭൂമി വാങ്ങാനെടുത്ത തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്.
തൊഴിലുറപ്പിലെ നാല് ജീവനക്കാരെ ഒഴിവാക്കിയെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും വാസ്തവ വിരുദ്ധമാണ്. കാലാവധി പൂർത്തിയായ 4 പേരിൽ മൂന്ന് പേരെ തുടരാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. ഒരാളെ കൃത്യവിലോപത്തിന്റെയും, പഞ്ചായത്ത് അംഗങ്ങളുടെ പരാതികളുടെയും അടിസ്ഥാനത്തിൽ പരാതികൾ അടിസ്ഥാനമുള്ളതാണെന്നു ബോദ്ധ്യപ്പെട്ടതിനാൽ ഒഴിവാക്കാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പകൽ വീട് സംബന്ധിച്ച് പേരിടുന്ന കാര്യത്തിൽ നടപടിക്രമം പാലിക്കാതെ അനധികൃതമായി കടന്നുകയറി പേര് എഴുതിച്ചേർത്ത നടപടി ചട്ടവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ നടപടികളുണ്ടാവുമെന്ന് ബോദ്ധ്യപ്പെട്ടതിനാൽ പേര് നീക്കം ചെയ്യാനുള്ള നടപടിക്ക് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് നൽകേണ്ടതിനാൽ എത്രയും പെട്ടന്ന് അപ്പേക്ഷകൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ തികച്ചും നിരുത്തരവാദപരമായി ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാതിരിക്കാൻ മനഃപൂർവ്വം ദിവസം കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയാണ് ചെയ്തത്. ഈ മാസം 14 വരെ സമയം യോഗം തീരുമാനമെടുത്ത് നൽകിയിട്ടുള്ളതാണെന്നും പ്രസിഡന്റ് പറഞ്ഞു.